സൗദി അറേബ്യ: അടിയന്തര മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന് സിവിൽ ഡിഫൻസ്

GCC News

സൗദി അറേബ്യയിലെ ദേശീയ മുൻ‌കൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ അവഗണിക്കരുതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. 2026 മാർച്ച് 9-ന് രാത്രിയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

അടിയന്തര ഘട്ടങ്ങളിൽ നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം വഴി മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുന്ന അവസരത്തിൽ സുരക്ഷാ നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത്തരം സന്ദർഭങ്ങളിൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്:

  • ശാന്തത പാലിക്കുക.
  • ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പിന്തുടരുക.
  • ഉടൻ തന്നെ കെട്ടിടത്തിനകത്തുള്ള ഏറ്റവും സുരക്ഷിതമായ ഒരു ഇടത്തേക്ക് (ജനലുകൾക്കരികിൽ നിന്ന് നീങ്ങി സുരക്ഷിതമായ ഒരു മുറി പോലെയുള്ള ഇടങ്ങൾ) മാറേണ്ടതാണ്.
  • അപകടം ഒഴിവാകുന്നത് വരെ സുരക്ഷിതമായ ഇടത്ത് തുടരുക. അനാവശ്യമായി വീടുകളിൽ നിന്നും, കെട്ടിടങ്ങളിൽ നിന്നും പുറത്തിറങ്ങാതിരിക്കുക.
  • തുറസ്സായ സ്ഥലങ്ങൾ, ഗ്ലാസ് പരിസരങ്ങൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കുക.
  • ബാൽക്കണികളിലോ മേൽക്കൂരകളിലോ നിൽക്കാതിരിക്കുക.
  • ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കേണ്ടതാണ്.
  • അപകടം നടന്ന സ്ഥലത്തേക്ക് പോകുന്നതും, ഫോട്ടോ എടുക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  • മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്ന അവസരത്തിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നവർ പാലങ്ങളിൽ നിന്നും, ഉയരമുള്ള കെട്ടിടങ്ങളിൽ നിന്നും മാറി റോഡിന്റെ വശത്തേക്ക് വാഹനം നിർത്തേണ്ടതാണ്.