യു എ ഇ: വരും ദിനങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരും; ഏപ്രിൽ 1 മുതൽ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തുടനീളം വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 മാർച്ച് 27-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം മാർച്ച് 28 മുതൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും വരുന്ന ആഴ്ചയുടെ മധ്യം മുതൽ വീണ്ടും മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 1-ഓടെ യു എ ഇയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

ഇതോടൊപ്പം തെക്കുകിഴക്കൻ, വടക്കുകിഴക്കൻ ദിശയിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശുന്നതിന് സാധ്യതയുണ്ട്. കടലിൽ ചില സമയങ്ങളിൽ ശക്തമായ കാറ്റ് വീശുന്നതിന് സാധ്യതയുണ്ട്.

അറേബ്യൻ ഗൾഫിൽ കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമോ വളരെ പ്രക്ഷുബ്ധമോ ആയിരിക്കും.