പരസ്യ പെർമിറ്റുകളുടെ വിതരണം, പുതുക്കൽ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതായി ദോഫാർ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി. 2026 ഏപ്രിൽ 9-നാണ് ദോഫാർ മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം 2026 ഏപ്രിൽ 12, ഞായറാഴ്ച മുതൽ ദോഫാറിലെ പരസ്യ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതാണ്. മുനിസിപ്പാലിറ്റി നടപ്പിലാക്കുന്ന ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
പ്രമോഷണൽ പരസ്യങ്ങൾ, സ്വകാര്യ, വാണിജ്യ വാഹനങ്ങളിലെ പരസ്യങ്ങൾ, കടകൾക്ക് മുന്നിലുള്ള പരസ്യങ്ങൾ, ലഘുലേഖകൾ, മറ്റ് അച്ചടിച്ച വസ്തുക്കൾ എന്നിവയുൾപ്പെടെ എല്ലാത്തരം പരസ്യ പെർമിറ്റുകളും ഈ ഓൺലൈൻ പ്ലാറ്റ്‌ഫോം കൈകാര്യം ചെയ്യുന്നതാണ്. മേൽക്കൂരകൾ, മതിലുകൾ, പന്തലുകൾ, സേവന അടയാള ബോർഡുകൾ, മെനുകൾ, പോസ്റ്ററുകൾ എന്നിവയുൾപ്പെടെയുള്ള കെട്ടിടങ്ങളിലെ പരസ്യങ്ങളും ഇതിൽ ഉൾപ്പെടുന്നതാണ്.
നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുക, സേവനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട സമയം കുറയ്ക്കുക, മൊത്തത്തിലുള്ള സേവന കാര്യക്ഷമത മെച്ചപ്പെടുത്തുക എന്നിവയാണ് മുനിസിപ്പാലിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്.

