കുവൈറ്റ്: റോഡിലെ അമിതവേഗത; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

GCC News

രാജ്യത്തെ റോഡുകളിൽ അമിതവേഗത്തിൽ വാഹമോടിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2026 മെയ് 28-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

لــــــن نتهــــاون مـــــع …
تجاوز السرعة المقررة على الطرق

No Tolerance for Exceeding Posted Speed Limits#وزارة_الداخلية#شرطة_الكويت pic.twitter.com/dWjjcD4hXD— وزارة الداخلية (@Moi_kuw) May 28, 2026

അമിതവേഗതയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ഇത്തരം ലംഘനങ്ങൾക്കെതിരെ കുവൈറ്റിലെ ഗതാഗത നിയമപ്രകാരം കർശനമായ പിഴകൾ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ കനത്ത പിഴ, വാഹനം കണ്ടുകെട്ടൽ, ഗുരുതരമായ കേസുകളിൽ പ്രവാസി നിയമലംഘകരുടെ നാടുകടത്തൽ എന്നിവയ്ക്ക് കാരണമാകുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

താഴെ പറയുന്ന പ്രകാരം അമിതവേഗതയുടെ തോത് അനുസരിച്ച് ശിക്ഷാനടപടികൾ വ്യത്യാസപ്പെടുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്:

  • 150 കിലോമീറ്റർ വേഗത – ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന പ്രവാസികൾ, പൗരന്മാർ എന്നിവർക്ക് ഗതാഗത നിയമലംഘനത്തിനുള്ള പിഴ ചുമത്തുന്നതും, വാഹനം പിടിച്ചെടുക്കുന്നതുമാണ്. ഇത്തരം നിയമലംഘനത്തിന് പിടിക്കപ്പെടുന്ന പ്രവാസികളെ കുവൈറ്റിൽ നിന്ന് നാട് കടത്തുന്നതാണ്.
  • 170 കിലോമീറ്റർ വേഗത – ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന പൗരന്മാരെ ഗതാഗത നിയമലംഘനത്തിനുള്ള പിഴ ചുമത്തുന്നതിന് വിധേയമാക്കുന്നതും, നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ തടങ്കലിൽ സൂക്ഷിക്കുന്നതും, വാഹനം പിടിച്ചെടുക്കുന്നതുമാണ്. ഇത്തരം നിയമലംഘനത്തിന് പിടിക്കപ്പെടുന്ന പ്രവാസികളെ മറ്റു നിയമനടപടികൾക്ക് വിധേയരാക്കുന്നതും, വാഹനം പിടിച്ചെടുക്കുന്നതും, ഇവരെ കുവൈറ്റിൽ നിന്ന് നാട് കടത്തുന്നതുമാണ്.
  • 200 കിലോമീറ്റർ വേഗത – ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന പൗരന്മാരെ ഗതാഗത നിയമലംഘനത്തിനുള്ള പിഴ ചുമത്തുന്നതിന് വിധേയമാക്കുന്നതും, ഇവർക്കെതിരെ തടവു നടപടികൾക്കുള്ള ശുപാർശ ചെയ്യപ്പെടുന്നതും, വാഹനം പിടിച്ചെടുക്കുന്നതുമാണ്. ഇത്തരം നിയമലംഘനത്തിന് പിടിക്കപ്പെടുന്ന പ്രവാസികളെ മറ്റു നിയമനടപടികൾക്ക് വിധേയരാക്കുന്നതും, വാഹനം പിടിച്ചെടുക്കുന്നതും, ഇവരെ കുവൈറ്റിൽ നിന്ന് നാട് കടത്തുന്നതുമാണ്.

അമിതവേഗത റോഡ് സുരക്ഷയ്ക്കും പൊതുജനജീവിതത്തിനും നേരിട്ട് ഭീഷണിയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുവൈറ്റിലെ റോഡുകളിൽ സുരക്ഷ ഉറപ്പാക്കാൻ പ്രവാസികളും, പൗരന്മാരും ഉൾപ്പടെ എല്ലാ ഡ്രൈവർമാരും വേഗപരിധിയും ഗതാഗത നിയന്ത്രണങ്ങളും പാലിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.