യു എ ഇ: മെഡിക്കൽ ഇൻഷുറൻസിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി

GCC News

യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവരോ, അവിടെ താമസിക്കുന്നവരോ ആയ ഇന്ത്യൻ പൗരന്മാർ തങ്ങളുടെ കൈവശം മതിയായ മെഡിക്കൽ ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും സമാനമായ ഒരു നിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്.

മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്ത സഹചര്യങ്ങളിൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും യു എ ഇയിലെ എംബസിയും, കോൺസുലേറ്റും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അപ്രതീക്ഷിതമായ അസുഖങ്ങളോ മെഡിക്കൽ അത്യാഹിതങ്ങളോ നേരിടേണ്ടി വരുന്ന ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ സംബന്ധിച്ച വിവരങ്ങൾ തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് യു എ ഇയിലെ എംബസിയും, കോൺസുലേറ്റും അറിയിച്ചിട്ടുണ്ട്. രോഗികൾക്ക് മതിയായ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത ഇത്തരം സന്ദർഭങ്ങൾ രോഗികൾക്കും, അവരുടെ കുടുംബാംഗങ്ങൾക്കും താങ്ങാനാവുന്നതിലും അപ്പുറമായ വലിയ മെഡിക്കൽ ബില്ലുകൾക്ക് കരണമാകുന്നതായും ഇന്ത്യൻ മിഷനുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവരും, അവിടെ താമസിക്കുന്നവരുമായ ഇന്ത്യൻ പൗരന്മാർ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ഇന്ത്യൻ മിഷനുകൾ അറിയിച്ചിട്ടുണ്ട്:

  • യു എ എയിലേക്ക് സഞ്ചരിക്കുന്ന എല്ലാ ഇന്ത്യൻ സന്ദർശകരും, ടൂറിസ്റ്റുകളും യാത്ര തിരിക്കുന്നതിന് മുൻപായി മതിയായതും അനുയോജ്യവുമായ മെഡിക്കൽ ഇൻഷുറൻസ് എടുക്കേണ്ടതാണ്. അപ്രതീക്ഷിതമായ ആരോഗ്യ അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ, ചികിത്സാ ചെലവുകൾ ഇൻഷുറൻസ് കമ്പനി നേരിട്ട് വഹിക്കുന്ന തരത്തിലുള്ള കാഷ്‌ലെസ് സൗകര്യവും, രോഗിയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ചെലവും ഈ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • യു എ ഇയിൽ തൊഴിൽ വിസയിൽ താമസിക്കുന്ന ഇന്ത്യക്കാരും അവരുടെ ആശ്രിതരും, തങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് മതിയായ പരിരക്ഷ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇന്ത്യൻ മിഷനുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യു എ ഇയിലെ എല്ലാ ചികിത്സാ ചെലവുകളും, ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നാൽ അതിനുള്ള ചെലവുകളും ഈ ഇൻഷുറൻസ് പരിധിയിൽ വരുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇന്ത്യൻ മിഷനുകൾ അറിയിച്ചിട്ടുണ്ട്.