ദുബായ് മറീന വെർട്ടിപോർട്ടിന്റെ (VMR) നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 നവംബർ 18-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
RTA announces the completion of Dubai Marina Vertiport (VMR), officially certified by the UAE’s General Civil Aviation Authority for commercial electric vertical take-off and landing (eVTOL) operations. This certification makes the world’s first permanent vertiport-to-vertiport electric air taxi route ready to operate, connecting VMR to VDX, the network’s primary vertiport near Dubai International Airport.
— Dubai Media Office (@DXBMediaOffice) November 18, 2026
വെർട്ടിപോർട്ട് അടിസ്ഥാന സൗകര്യങ്ങളുടെ വികസനമേഖലയിൽ പ്രവർത്തിക്കുന്ന സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചറിനാണ് ഈ വെർട്ടിപോർട്ട് സ്റ്റേഷൻ നിർമ്മാണ, നടത്തിപ്പ് പദ്ധതിയുടെ ചുമതല. ദുബായ് RTA-യുമായി സഹകരിച്ച് കൊണ്ടാണ് സ്കൈപോർട്സ് ഇൻഫ്രാസ്ട്രക്ചർ ദുബായ് മറീന വെർട്ടിപോർട്ട് നിർമ്മിച്ചത്.

വാണിജ്യാടിസ്ഥാനത്തിലുള്ള ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) പ്രവർത്തനങ്ങൾക്കായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ (GCAA) നിന്നുള്ള ഔദ്യോഗിക അംഗീകാരം ദുബായ് മറീന വെർട്ടിപോർട്ടിന് ലഭിച്ചിട്ടുണ്ട്.
‘VMR’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ വെർട്ടിപോർട്ട്, ദുബായ് മറീനയെ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ശൃംഖലയിലെ പ്രധാന വെർട്ടിപോർട്ടായ ‘VDX’-മായി ബന്ധിപ്പിച്ച് കൊണ്ട് ലോകത്തിലെ ആദ്യത്തെ സ്ഥിരമായ ഇലക്ട്രിക് എയർ ടാക്സി റൂട്ടിന് വഴിയൊരുക്കുന്നു.
റോഡ് മാർഗ്ഗം ഏകദേശം 35 മിനിറ്റ് വേണ്ടിവരുന്ന ഈ രണ്ട് കേന്ദ്രങ്ങൾ തമ്മിലുള്ള യാത്രാ സമയം, ഈ സേവനം വഴി 10 മിനിറ്റിൽ താഴെയായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യമായ പ്രവർത്തനാനുമതികളും സജ്ജീകരണങ്ങളും പൂർത്തിയാകുന്ന മുറയ്ക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസുകൾ ആരംഭിക്കുന്നതാണ്.

വ്യോമയാന ടാക്സി സേവന സംവിധാനങ്ങളുടെ നിർമ്മാതാക്കളായ ജോബി ഏവിയേഷൻ കമ്പനിക്കാണ് ഈ എയർ ടാക്സി സേവനങ്ങൾക്ക് ആവശ്യമായ വിമാനങ്ങൾ നിർമ്മിക്കുന്നതിനും, അവ പ്രവർത്തിപ്പിക്കുന്നതിനും, യാത്രികർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനുമുള്ള ചുമതല. നഗര സാഹചര്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഇലക്ട്രിക് വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും ജോബി ഏവിയേഷൻ ഈ റൂട്ടിൽ സർവീസ് നടത്തുക. കുറഞ്ഞ ശബ്ദവും, പ്രവർത്തനവേളയിൽ ഒട്ടും മലിനീകരണം സൃഷ്ടിക്കാത്തതും, മണിക്കൂറിൽ 200 മൈൽ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്നതുമാണ് ഈ വിമാനങ്ങൾ.
ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന് സമീപത്തുള്ള എയർ ടാക്സി സ്റ്റേഷൻ 2026 ഏപ്രിലിൽ നിർമ്മാണം പൂർത്തിയാക്കിയിരുന്നു. VDX എന്ന ഈ വെർട്ടിപോർട്ട്, ദുബായ് മറീന വെർട്ടിപോർട്ട് എന്നിവയ്ക്ക് പുറമെ ഡൗൺടൗൺ ദുബായ്, പാം ജുമേയറാഹ് എന്നിവിടങ്ങളിലും ആദ്യ ഘട്ടത്തിൽ ഇത്തരം വെർട്ടിപോർട്ടുകൾ നിർമ്മിക്കുന്നതാണ്.
ദുബായിലെ അമേരിക്കൻ യൂണിവേഴ്സിറ്റിക്ക് അടുത്തും, അൽ ഫർദാൻ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷനിൽ നിന്ന് നടക്കാവുന്ന ദൂരത്തിലുമായാണ് ദുബായ് മറീന വെർട്ടിപോർട്ട് സ്ഥിതി ചെയ്യുന്നത്. ദുബായ് മറീനയിലെ താമസ-വിനോദ മേഖലകളെയും, ദുബായ് ഇന്റർനെറ്റ് സിറ്റിയിലെ ബിസിനസ്-സാങ്കേതിക മേഖലകളെയും, വിശാലമായ പൊതുഗതാഗത ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിന് ഈ വെർട്ടിപോർട്ട് സഹായിക്കും.
WAM

