‘ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ VI’ (GTA VI) വീഡിയോ ഗെയിമിലെ ഉള്ളടക്കത്തെക്കുറിച്ച് യു എ ഇ നാഷണൽ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അതോറിറ്റി (NDEA) മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. 2026 നവംബർ 21-നാണ് യു എ ഇ NDEA ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
يحذّر الجهاز الوطني لمكافحة المخدرات من المخاطر المحتملة من المحتويات التي تتضمنها لعبة «GTA»، لا سيما المشاهد المرتبطة بتعاطي المخدرات والأنشطة غير المشروعة، وما قد تتركه من تأثيرات سلبية على وعي الأطفال والناشئة وسلوكياتهم. حماية أبنائنا من مخاطر المخدرات مسؤولية مشتركة، تبدأ بالوعي والرقابة الأسرية. #الجهاز_الوطني_لمكافحة_المخدرات #GTA #GTAV #GrandTheftAuto
— الجهاز الوطني لمكافحة المخدرات (@UAEndea) November 21, 2026
ഈ വീഡിയോ ഗെയിമിലെ മയക്കുമരുന്ന് സംബന്ധമായ ഉള്ളടക്കങ്ങൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ കുട്ടികൾ കാണുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്ന് കുടുംബങ്ങളോട് NDEA ആവശ്യപ്പെട്ടിട്ടുണ്ട്.
ഗെയിമിലെ മയക്കുമരുന്ന് ഉപയോഗവും, നിയമവിരുദ്ധ പ്രവർത്തനങ്ങളും ചിത്രീകരിക്കുന്ന രംഗങ്ങൾ കുട്ടികളെയും, യുവാക്കളെയും പ്രതികൂലമായി സ്വാധീനിച്ചേക്കാമെന്ന് NDEA ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലഹരിവസ്തുക്കളുടെ ഉപയോഗത്തെയും മറ്റ് അപകടകരമായ പ്രവൃത്തികളെയും സാധാരണവൽക്കരിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളുമായി കുട്ടികൾ സമ്പർക്കത്തിൽ വരാൻ ഇത് കാരണമായേക്കാവുന്നതിനാൽ കുട്ടികളുടെ വീഡിയോ ഗെയിമിംഗ് ശീലങ്ങൾ നിരീക്ഷിക്കണമെന്ന് മാതാപിതാക്കളോടും, രക്ഷിതാക്കളോടും NDEA അഭ്യർത്ഥിച്ചിട്ടുണ്ട്.
കുട്ടികൾ ഇലക്ട്രോണിക് ഗെയിമുകൾ ഉപയോഗിക്കുന്നത് നിരീക്ഷിക്കുന്നതിൽ രക്ഷിതാക്കൾ കൂടുതൽ സജീവമായ പങ്കുവഹിക്കണമെന്നും, വീഡിയോ ഗെയിമുകൾ കളിക്കാൻ കുട്ടികളെ അനുവദിക്കുന്നതിന് മുൻപായി, ഗെയിമുകളുടെ ‘പ്രായപരിധി വർഗ്ഗീകരണം’ പരിശോധിക്കേണ്ടത് ഏറെ പ്രധാനമാണെന്നും NDEA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അനുചിതമായ മാധ്യമ ഉള്ളടക്കങ്ങൾ ഉയർത്തുന്ന അപകടങ്ങളെക്കുറിച്ച് കുട്ടികളുമായി തുറന്ന സംഭാഷണങ്ങൾ നടത്താനും, നിയമവിരുദ്ധമായ പ്രവൃത്തികളെയും ലഹരിവസ്തുക്കളുടെ ഉപയോഗത്തെയും ചിത്രീകരിക്കുന്ന ഉള്ളടക്കങ്ങൾ കുട്ടികളുടെ മനോഭാവങ്ങളെയും പെരുമാറ്റത്തെയും എങ്ങനെ സ്വാധീനിക്കാമെന്ന് അവർക്ക് വിശദീകരിച്ചുകൊടുക്കാനും രക്ഷിതാക്കളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ലഹരിവസ്തുക്കൾ മൂലമുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് യുവതലമുറയെ സംരക്ഷിക്കുക എന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും, അത് വീട്ടിൽ നിന്നാണ് ആരംഭിക്കുന്നതെന്നും അധികൃതർ ഊന്നിപ്പറഞ്ഞു. ഇതിൽ രക്ഷിതാക്കളുടെ അവബോധം, മാർഗ്ഗനിർദ്ദേശം, മേൽനോട്ടം എന്നിവ നിർണായക പങ്കുവഹിക്കുന്നതായി NDEA കൂട്ടിച്ചേർത്തു.
Cover Image: @UAEndea.

