ദുബായ്: അൽ റാസ്, പാം ദെയ്‌റ, ബനിയാസ് മെട്രോ സ്റ്റേഷനുകൾ ഏപ്രിൽ 29, ബുധനാഴ്ച്ച മുതൽ തുറക്കും

GCC News

ദുബായിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 31 മുതൽ അടച്ചിട്ടിരുന്ന ദുബായ് മെട്രോ ഗ്രീൻ ലൈനിലെ 3 സ്റ്റേഷനുകൾ ഏപ്രിൽ 29, ബുധനാഴ്ച്ച മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് RTA അറിയിച്ചു. അൽ റാസ്, പാം ദെയ്‌റ, ബനിയാസ് മെട്രോ സ്റ്റേഷനുകളാണ് ഇന്ന് രാവിലെ മുതൽ തുറക്കുന്നത്.

കൊറോണാ വൈറസ് പ്രതിരോധ നടപടികൾക്കായി ദെയ്‌റയിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ മൂന്ന് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരുന്നത്.

മെട്രോ സേവനങ്ങൾ ഉപയോഗിക്കുന്നവരോട് മെട്രോ സ്റ്റേഷനുകളിലും, ട്രെയിനുകളിലും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ RTA ആവശ്യപ്പെട്ടിട്ടുണ്ട്.