ഷാർജ റമദാൻ ഫെസ്റ്റിവൽ മാർച്ച് 22 മുതൽ ആരംഭിക്കും

featured GCC News

ഈ വർഷത്തെ ഷാർജ റമദാൻ ഫെസ്റ്റിവൽ 2023 മാർച്ച് 22, ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് ഷാർജ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (SCCI) അറിയിച്ചു. 2023 മാർച്ച് 8-ന് രാത്രിയാണ് SCCI ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2023 മാർച്ച് 22-ന് ആരംഭിക്കുന്ന മുപ്പത്തിമൂന്നാമത് ഷാർജ റമദാൻ ഫെസ്റ്റിവൽ ഏപ്രിൽ 25 വരെ നീണ്ട് നിൽക്കും. പരിശുദ്ധ റമദാൻ മാസത്തെ വരവേറ്റു കൊണ്ട് നടത്തുന്ന ഈ മേള ഷാർജയുടെ വിവിധ മേഖലകളിലും, നഗരങ്ങളിലുമായാണ് സംഘടിപ്പിക്കുന്നത്.

‘നിങ്ങളോടൊത്തുള്ള റമദാൻ ഏറെ സന്തോഷകരം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ഷാർജ റമദാൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. എമിറാത്തി കുടുംബങ്ങളുടെ യോജിപ്പിന്റെയും, ഒത്തൊരുമയുടെയും ആദർശങ്ങളെ സൂചിപ്പിക്കുന്നതാണ് ഈ ആശയം.

എമിറേറ്റിലെ ചില്ലറവില്പന മേഖലയിലും, അതിഥിസല്‍ക്കാര വാണിജ്യ മേഖലയിലും ഏറെ പ്രാധാന്യമുള്ളതാണ് ഈ മേള. ഇതിന്റെ വിവിധ തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നതായി SCCI കൂട്ടിച്ചേർത്തു.

WAM – Cover Image: A file photo from 2019. Source: WAM.