ദുബായ്: മാർച്ച് 10 മുതൽ രണ്ട് പുതിയ ബസ് റൂട്ടുകൾ പ്രവർത്തനമാരംഭിക്കുന്നതായി RTA

featured UAE

2021 മാർച്ച് 10, ബുധനാഴ്ച്ച മുതൽ എമിറേറ്റിൽ രണ്ട് പുതിയ ബസ് റൂട്ടുകൾ പ്രവർത്തനമാരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഇതിന് പുറമെ, നിലവിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഒരു റൂട്ട് റദ്ദ് ചെയ്യുന്നതിനും, ഏതാനം റൂട്ടുകൾ വഴിതിരിച്ച് വിടുന്നതിനും RTA തീരുമാനിച്ചിട്ടുണ്ട്.

മാർച്ച് 9-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. പുതിയതായി ആരംഭിക്കുന്ന ഈ രണ്ട് ബസ് റൂട്ടുകൾ ദെയ്‌റ, ബർ ദുബായ് എന്നിവയിലൂടെ കടന്ന് പോകുന്നു.

താഴെ പറയുന്ന റൂട്ടുകളാണ് മാർച്ച് 10 മുതൽ പുതിയതായി RTA ആരംഭിക്കുന്നത്.

  • റൂട്ട് 5 – അബു ഹൈൽ മെട്രോ സ്റ്റേഷൻ മുതൽ അൽ ഖലീജ് സ്ട്രീറ്റ് വരെ. (ഗോൾഡ് സൂക്ക് ബസ് സ്റ്റേഷന് എതിർവശം) യൂണിയൻ മെട്രോ സ്റ്റേഷൻ, ബനിയാസ് സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെ. നിർത്തലാക്കുന്ന C07 റൂട്ടിന്റെ ഭാഗമായിരുന്ന ദെയ്‌റയിലെ ബസ് സ്റ്റോപ്പുകളെ റൂട്ട് 5 ബന്ധിപ്പിക്കുന്നതാണ്.
  • റൂട്ട് 6 – അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ദുബായ് ഹെൽത്ത് കെയർ സിറ്റിയിലേക്ക് ഔദ് മേത്ത ബസ് സ്റ്റേഷൻ വഴി. ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിൽ ബസുകൾക്ക് മാത്രമായി പുതിയതായി തുറന്നിട്ടുള്ള വീഥിയിലൂടെയാണ് ഈ റൂട്ട്. നിർത്തലാക്കുന്ന C07 റൂട്ടിന്റെ ഭാഗമായിരുന്ന ബർ ദുബായിലെ ബസ് സ്റ്റോപ്പുകളെ റൂട്ട് 6 ബന്ധിപ്പിക്കുന്നതാണ്.

മാർച്ച് 10 മുതൽ C07 റൂട്ട് നിർത്തലാക്കാനും RTA തീരുമാനിച്ചിട്ടുണ്ട്. ഈ ബസ് റൂട്ട് ഉപയോഗപ്പെടുത്തിയിരുന്നവർക്ക് പുതിയതായി ആരംഭിക്കുന്ന റൂട്ട് 5, റൂട്ട് 6 എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇതിന് പുറമെ താഴെ പറയുന്ന ഏതാനം റൂട്ടുകളുടെ പ്രവർത്തനം പുനഃക്രമീകരിക്കാനും RTA തീരുമാനിച്ചിട്ടുണ്ട്.

  • റൂട്ട് 28 – ദുബായ് മാളിൽ നിന്ന് ആരംഭിച്ച് ലംസി പ്ലാസയിൽ അവസാനിച്ചിരുന്ന ഈ റൂട്ട് മാർച്ച് 10 മുതൽ ഔദ് മേത്ത ബസ് സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കുന്നതാണ്.
  • റൂട്ട് 367 – എത്തിസലാത് മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന ഈ റൂട്ട് അൽ റാഷിദിയ, അൽ വാർഖ, ഇന്റർനാഷണൽ സിറ്റി, ദുബായ് അക്കാഡമിക്ക് സിറ്റി, ദുബായ് സിലിക്കൺ ഒയാസിസ്‌ മുതലായ ഇടങ്ങളിലൂടെ കടന്ന് പോകുന്നതാണ്. റോഡ് നിർമ്മാണപ്രവർത്തനങ്ങൾ മൂലം ഈ റൂട്ട് മിർദിഫ് മേഖലയിൽ മിർദിഫ് സിറ്റിയിലൂടെ വഴിതിരിച്ച് വിടുന്നതാണ്.
  • റൂട്ട് C18 – ഷെയ്ഖ് റാഷിദ് കോളനിയിൽ നിന്ന് ആരംഭിച്ച് ലംസി പ്ലാസയിൽ അവസാനിച്ചിരുന്ന ഈ റൂട്ട് മാർച്ച് 10 മുതൽ ഔദ് മേത്ത ബസ് സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കുന്നതാണ്.
  • റൂട്ട് F03 – റാഷിദിയയിൽ നിന്ന് മിർദിഫിലേക്കുള്ള ഈ റൂട്ട് കൂടുതൽ മേഖലകളിൽ സേവനങ്ങൾ നൽകുന്നതിനായി മിർദിഫ് മേഖലയ്ക്കകത്ത് കൂടി വഴി തിരിച്ച് വിടുന്നതാണ്.
  • റൂട്ട് F10 – അൽ റാഷിദിയയിൽ നിന്ന് അൽ വാർഖയിലേക്കുള്ള ഈ റൂട്ട് മിർദിഫ് മേഖലയിൽ മിർദിഫ് സിറ്റിയിലൂടെ വഴിതിരിച്ച് വിടുന്നതാണ്.
  • റൂട്ട് F70 – ഈ റൂട്ട് ഔദ് മേത്ത ബസ് സ്റ്റേഷൻ വരെ നീട്ടുന്നതാണ്.
  • റൂട്ട് X23 – നേരത്തെ ഗോൾഡ് സൂക്കിൽ സർവീസ് അവസാനിപ്പിച്ചിരുന്ന ഈ റൂട്ട് തിരക്കേറിയ സമയങ്ങളിൽ അൽ ഗുബൈബ ബസ് സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കുന്നതാണ്. തിരക്ക് കുറവുള്ള സമയങ്ങളിൽ ഈ റൂട്ട് ഔദ് മേത്ത ബസ് സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കുന്നതാണ്.