ദുബായ്: എമിറേറ്റിന്റെ ഔദ്യോഗിക ചിഹ്നം സംബന്ധിച്ച് പുതിയ നിയമം പുറപ്പെടുവിച്ചു; ദുരുപയോഗം ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം ദിർഹം വരെ പിഴ

featured GCC News

എമിറേറ്റിന്റെ ഔദ്യോഗിക ചിഹ്നം സംബന്ധിച്ച് യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ‘2023/17’ എന്ന നിയമം പുറപ്പെടുവിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ് എമിറേറ്റിന്റെ മൂല്യങ്ങളെയും, തത്വങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒരു ഔദ്യോഗിക ചിഹ്നം എമിറേറ്റിന് ഉണ്ടായിരിക്കുമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. എമിറേറ്റിലെ നിയമങ്ങൾ, വ്യവസ്ഥകൾ എന്നിവയാൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള ഈ ചിഹ്നം ദുബായ് എമിറേറ്റിന്റെ സ്വന്തമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Official Emblem of Dubai Emirate. Source: Dubai Media Office.

വിവിധ സർക്കാർ സ്ഥാപനങ്ങൾ, രേഖകൾ, വെബ്സൈറ്റുകൾ, സർക്കാർ പരിപാടികൾ എന്നിവയിലുടനീളം, നിയമത്തിന് അനുസൃതമായി, ഈ ചിഹ്നം ഉപയോഗിക്കാവുന്നതാണ്. ദുബായ് ഭരണാധികാരിയിൽ നിന്നോ അദ്ദേഹത്തിന്റെ പ്രതിനിധിയിൽ നിന്നോ മുൻകൂർ അനുമതി നേടിക്കൊണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ ചിഹ്നം ഉപയോഗിക്കാവുന്നതാണ്.

ഈ ചിഹ്നത്തിന്റെ അനുചിതമായ ഉപയോഗം പിഴകളിലേക്കും, ശിക്ഷയിലേക്കും നയിച്ചേക്കാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്യുന്നവർക്ക് മൂന്ന് മാസത്തിൽ കുറയാത്തതും, അഞ്ച് വർഷത്തിൽ കൂടാത്തതുമായ തടവും, 1 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.

ഈ നിയമം പ്രാബല്യത്തിൽ വരുമ്പോൾ, ചിഹ്നം ഉപയോഗിക്കുന്ന വ്യക്തികൾ (സർക്കാർ സ്ഥാപനങ്ങൾ അല്ലെങ്കിൽ പ്രത്യേക അനുമതി നേടിയിട്ടുള്ള സ്ഥാപനങ്ങൾ ഒഴികെയുള്ള) മുൻകൂർ അനുമതി നേടിയിട്ടില്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ ചിഹ്നത്തിന്റെ ഉപയോഗം പൂർണ്ണമായും നിർത്തണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

ഈ നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് ആവശ്യമായ തീരുമാനങ്ങൾ ദുബായ് കോടതിയുടെ ചെയർമാൻ പുറപ്പെടുവിക്കുന്നതാണ്. ഈ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

WAM