ഒമാൻ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്

GCC News

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളെ ആശ്രയിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഒമാൻ പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നൽകി. 2026 ജൂൺ 4-നാണ് ഒമാൻ പരിസ്ഥിതി അതോറിറ്റി ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

കടുത്ത ചൂട്, സൂര്യപ്രകാശം എന്നിവ ദീർഘനേരം നേരിട്ട് കൊള്ളുന്ന രീതിയിൽ സൂക്ഷിച്ചിട്ടുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളിലെ കുടിവെള്ളത്തിലേക്ക് ദോഷകരമായ രാസവസ്തുക്കൾ ചോരാൻ കാരണമാകുമെന്ന് പരിസ്ഥിതി അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ആരോഗ്യപരമായ ആശങ്കകൾ ഉയർത്തുന്നതായി അതോറിറ്റി കൂട്ടിച്ചേർത്തു.

ഇതിന് പുറമെ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ വ്യാപകമായ ഉപയോഗം പരിസ്ഥിതി മലിനീകരണത്തിന് ഗണ്യമായ സംഭാവന നൽകുന്നതിനാൽ, ഒമാനിലെ പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി, പൊതുജനങ്ങൾ കൂടുതൽ സുസ്ഥിരമായ ബദലുകൾ സ്വീകരിക്കേണ്ടതാണെന്ന് പരിസ്ഥിതി അതോറിറ്റി ആഹ്വാനം ചെയ്‌തിട്ടിട്ടുണ്ട്. പലപ്പോഴും ഏതാനം മിനിറ്റുകൾ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ പരിസ്ഥിതിയിൽ നൂറുകണക്കിന് വർഷങ്ങളോളം നിലനിൽക്കുന്നതായും, ഇത് പരിസ്ഥിതിയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നതായും അതോറിറ്റി വ്യക്തമാക്കി.