യു എ ഇ: ഇത്തിഹാദ് റെയിൽ ആദ്യ പാസഞ്ചർ സർവീസ് 2026 ജൂൺ 30-ന് ആരംഭിക്കും

GCC News

ഇത്തിഹാദ് റെയിൽ ആദ്യ പാസഞ്ചർ സർവീസ് 2026 ജൂൺ 30, ചൊവാഴ്ച പുലർച്ചെ 5:34-ന് ഫുജൈറയിൽ നിന്ന് ആരംഭിക്കും. ഇത്തിഹാദ് റെയിൽ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

യു എ ഇ ദേശീയ പാസഞ്ചർ റെയിൽ ശൃംഖലയുടെ ഘട്ടം ഘട്ടമായുള്ള ഉദ്ഘാടനത്തിന്റെ ആദ്യ ചുവടുവയ്പ്പാണിത്.

ഫുജൈറയിൽ നിന്ന് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലേക്കാണ് ഈ ആദ്യ പാസഞ്ചർ സർവീസ്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗം കൈവരിക്കാനാകുന്ന ഈ ഈ പാസഞ്ചർ ട്രെയിൻ ഒരു മണിക്കൂർ 45 മിനിറ്റിനുള്ളിൽ ഫുജൈറ – അബുദാബി യാത്ര പൂർത്തിയാക്കുന്നതാണ്.

ഈ റെയിൽ ശൃംഖല പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതോടെ ഓരോ ട്രെയിനിലും 400 യാത്രക്കാർക്ക് വരെ സഞ്ചരിക്കാനാകുന്നതാണ്. ഈ ശൃംഖലയുടെ ഭാഗമായുള്ള പാസഞ്ചർ സർവീസുകൾ ഘട്ടം ഘട്ടമായാണ് ആരംഭിക്കുന്നത്.

2026 സെപ്റ്റംബർ 30-ന് ദുബായ്, അൽ ദൈദ് സ്റ്റേഷനുകളും, 2026 ഡിസംബർ 30-ന് അൽ ദഫ്ര മേഖല സ്റ്റേഷനുകളും തുറന്ന് കൊടുക്കുന്നതാണ്. തുടർന്ന് 2027 മാർച്ച് 30-ന് ഷാർജ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നതോടെ ഈ റൂട്ടിൽ പൂർണ്ണമായുള്ള പാസഞ്ചർ ട്രെയിൻ സേവനങ്ങൾ ആരംഭിക്കുന്നതാണ്.

ഉപഭോക്താക്കൾക്ക് യാത്രകൾ ബുക്ക് ചെയ്യാനും ടിക്കറ്റുകൾ വാങ്ങുന്നതിനുമുള്ള സേവനങ്ങൾ 2026 ജൂൺ 23 മുതൽ ഇത്തിഹാദ് റെയിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെയും, ഔദ്യോഗിക വെബ്സൈറ്റിലൂടെയും ആരംഭിച്ചിട്ടുണ്ട്.

അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ 2026 ജൂൺ 23-ന് ഉദ്ഘാടനം ചെയ്തിരുന്നു.