ലോകത്തെ ഏറ്റവും വലിയ ഹരിത മേൽക്കൂര എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് എക്സ്പോ 2023 ദോഹ പ്രദർശനത്തിന്റെ പ്രധാന കെട്ടിടം സ്വന്തമാക്കി. 2023 സെപ്റ്റംബർ 30-ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
4031 സ്കയർ മീറ്ററിൽ നിർമ്മിച്ചിട്ടുള്ള ഈ കെട്ടിടം ഖത്തർ പബ്ലിക് വർക്സ് അതോറിറ്റിയാണ് നിർമ്മിച്ചത്.
2023 ഒക്ടോബർ 2-ന് എക്സ്പോ 2023 ദോഹ ആരംഭിക്കാനിരിക്കുന്നതിന് തൊട്ട് മുൻപായി കൈവരിച്ച ഈ നേട്ടം ഈ പ്രദർശനത്തിന് വലിയ ഊർജ്ജം പകരുന്നതായി ഇന്റർനാഷണൽ ഹോർട്ടികൾച്ചർ എക്സ്പോ 2023 സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൗരി അറിയിച്ചു.
ലോക എക്സ്പോ വേദിയിലെ പ്രധാന കെട്ടിടത്തിന് പുറമെ, മറ്റു അനുബന്ധ കെട്ടിടങ്ങൾ, നിർമ്മിതികൾ, വേദിയ്ക്ക് അകത്തും, പുറത്തുമായി നിർമ്മിച്ചിട്ടുള്ള പൂന്തോട്ടങ്ങൾ എന്നിവയെല്ലാം ഖത്തർ പബ്ലിക് വർക്സ് അതോറിറ്റിയാണ് നിർമ്മിച്ചിരിക്കുന്നത്. ഉയർന്ന അന്തരീക്ഷ താപനില നിലനിൽക്കുന്ന ഒരു മേഖലയിൽ ഏറ്റവും നൂതനമായ ഉദ്യാനനിര്മ്മാണകലയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഒരു ഹരിത മാതൃക നിർമ്മിച്ചെടുക്കുന്നതിന്റെ നേർക്കാഴ്ചയാണ് എക്സ്പോ 2023 ദോഹ പ്രദർശനത്തിന്റെ പ്രധാന കെട്ടിടം.
ഈ കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഡാലിയ, ഫൗണ്ടൈൻഗ്രാസ്, പച്ച പുല്ല് എന്നിവയാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. 2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെയാണ് എക്സ്പോ 2023 ദോഹ സംഘടിപ്പിക്കുന്നത്. അൽ ബിദ്ദ പാർക്കിൽ വെച്ചാണ് ഈ പ്രദർശനം ഒരുക്കുന്നത്.
എക്സ്പോ 2023 ദോഹയിൽ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്ന് ദശലക്ഷത്തിലധികം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്ദർശകരെ വരവേൽക്കുന്നതിനായി എക്സ്പോ വേദി ഒരുങ്ങിയതായി സംഘാടക കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു.
പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന ഏറ്റവും വലുതും, ആദ്യത്തെയുമായ ഹോർട്ടികൾച്ചറൽ എക്സിബിഷനാണിത്. 2020-ൽ നടക്കേണ്ടിയിരുന്ന ഈ ഹോർട്ടികൾച്ചറൽ എക്സിബിഷൻ COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടിവെക്കുകയായിരുന്നു.
‘ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’ എന്ന ആശയത്തിലൂന്നിയാണ് എക്സ്പോ 2023 ദോഹ സംഘടിപ്പിക്കുന്നത്. മരുഭൂവത്കരണം, സുസ്ഥിരത തുടങ്ങിയ മേഖലകളിൽ മരുഭൂരാജ്യങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികൾ ഈ പ്രദർശനത്തിൽ പരിശോധിക്കുന്നതാണ്. കാർഷിക മേഖല ശക്തിപ്പെടുത്തുന്നതിനും, ഹരിത നഗരങ്ങൾ സൃഷ്ടിക്കുന്നതിനും ഖത്തറിനും, പശ്ചിമേഷ്യന്‍ പ്രദേശങ്ങള്‍ക്കും നടപ്പിലാക്കാവുന്ന വിവിധ പരിഹാരങ്ങൾ ഈ പ്രദർശനം മുന്നോട്ട് വെക്കുന്നതാണ്.
Cover Image: Qatar Public Works Authority.