അൽ ബിദ്ദ പാർക്കിൽ നടന്ന് വന്നിരുന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ സമാപിച്ചു. 2024 മാർച്ച് 28, വ്യാഴാഴ്ചയാണ് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ സമാപിച്ചത്.
2023 ഒക്ടോബർ 2-നാണ് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ആരംഭിച്ചത്. 179 ദിവസം നീണ്ട് നിന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷനിൽ പങ്കെടുക്കുന്നതിനായി ആകെ ഏതാണ്ട് 4.2 ദശലക്ഷത്തിലധികം സന്ദർശകർ അൽ ബിദ്ദ പാർക്കിലെത്തിയതായി സംഘാടകർ അറിയിച്ചു.
സമാപനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ മുനിസിപ്പാലിറ്റി വകുപ്പ് മന്ത്രി H.E. അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ പങ്കെടുത്തു. 77 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന ദോഹ എക്സ്പോയിൽ 4,220,000 സന്ദർശകർ എത്തിയതായി അദ്ദേഹം വേദിയിൽ വ്യക്തമാക്കി.
ആറ് മാസം നീണ്ട് നിന്ന എക്സ്പോ 2023 ദോഹ പ്രദർശനത്തിന്റെ വേദിയിൽ ഏഴായിരത്തോളം പ്രത്യേക പരിപാടികൾ സംഘടിപ്പിക്കപ്പെട്ടതായും, 54 ദേശീയ ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടതായും, 124 സമ്മേളനങ്ങൾ നടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സുസ്ഥിരത, പരിസ്ഥിതി അവബോധം, ആധുനിക കാർഷിക രീതികൾ, കാർഷിക മേഖലയിലെ പുത്തൻ ആശയങ്ങൾ, സാങ്കേതികവിദ്യകൾ തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഏതാണ്ട് 1727 ശില്പശാലകൾക്ക് ദോഹ എക്സ്പോ വേദിയായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി മന്ത്രിമാർ, നയതന്ത്രജ്ഞർ, ഉന്നത ഉദ്യോഗസ്ഥർ, മറ്റു അതിഥികൾ തുടങ്ങിയവർ ദോഹ എക്സ്പോയുടെ സമാപന ചടങ്ങിൽ പങ്കെടുത്തു.
നോർത്ത് ആഫ്രിക്കൻ, പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കപ്പെട്ട ഏറ്റവും വലുതും, ആദ്യത്തെയുമായ ഹോർട്ടികൾച്ചറൽ എക്സിബിഷനായിരുന്നു ഇത്. 2020-ൽ നടക്കേണ്ടിയിരുന്ന ഈ ഹോർട്ടികൾച്ചറൽ എക്സിബിഷൻ COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2023-ലേക്ക് നീട്ടിവെക്കുകയായിരുന്നു.
‘ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’ എന്ന ആശയത്തിലൂന്നിയാണ് എക്സ്പോ 2023 ദോഹ സംഘടിപ്പിക്കപ്പെട്ടത്. മരുഭൂവത്കരണം, സുസ്ഥിരത തുടങ്ങിയ മേഖലകളിൽ മരുഭൂരാജ്യങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികൾ ഈ പ്രദർശനം ലോകത്തിന് മുൻപിൽ ചൂണ്ടിക്കാട്ടി.
കാർഷിക മേഖല ശക്തിപ്പെടുത്തുന്നതിനും, ഹരിത നഗരങ്ങൾ സൃഷ്ടിക്കുന്നതിനും ഖത്തറിനും, പശ്ചിമേഷ്യന്‍ പ്രദേശങ്ങള്‍ക്കും നടപ്പിലാക്കാവുന്ന വിവിധ പരിഹാരങ്ങൾ ഈ പ്രദർശനം മുന്നോട്ട് വെച്ചു. ആധുനിക കാർഷിക രീതികൾ, സാങ്കേതികവിദ്യകൾ, പരിസ്ഥിതി അവബോധം, സുസ്ഥിരത എന്നീ ആശയങ്ങളെ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന രീതിയിലായിരുന്നു എക്സ്പോ 2023 ദോഹ ഒരുക്കിയത്.
ആറ് മാസം നീണ്ട് നിന്ന എക്സ്പോ 2023 ദോഹയിൽ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്ന് ദശലക്ഷത്തിലധികം സന്ദർശകർ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിച്ചിരുന്നതെങ്കിലും 4.2 ദശലക്ഷത്തിലധികം സന്ദർശകർ മേളയിൽ പങ്കെടുത്തു.
Cover Image: Qatar News Agency.