സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ: സന്ദർശകർ സൗദി അറേബ്യയിലേക്ക് പ്രവേശിച്ച് തുടങ്ങിയതായി ജനറൽ പാസ്സ്പോർട്ട്സ് വകുപ്പ്

featured GCC News

സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് യാത്രികരായി സഞ്ചരിക്കുന്നവർക്ക് അനുവദിക്കുന്ന നാല് ദിവസത്തെ എൻട്രി പെർമിറ്റ് ഉപയോഗിച്ച് കൊണ്ട് സന്ദർശകർ സൗദി അറേബ്യയിലേക്ക് പ്രവേശിച്ച് തുടങ്ങിയതായി ജനറൽ പാസ്സ്പോർട്ട്സ് വകുപ്പ് അറിയിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്, റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട്, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽഅസീസ് ഇന്റർനാഷണൽ എയർപോർട്ട് എന്നീ വിമാനത്താവളങ്ങളിലെ ജനറൽ പാസ്സ്പോർട്ട്സ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

2023 ഫെബ്രുവരി 3-ന് പുലർച്ചെയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വ്യോമയാത്രികരായുള്ള ട്രാൻസിറ്റ് യാത്രികർക്ക് അനുവദിച്ചിട്ടുള്ള ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ ആദ്യ ബാച്ച് സന്ദർശകർ ജിദ്ദ, റിയാദ്, മദീന എയർപോർട്ടുകളിലൂടെ പ്രവേശിച്ചതായി അധികൃതർ വ്യക്തമാക്കി.

Source: Saudi Press Agency.

ഇത്തരം യാത്രികരെ സ്വീകരിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും സൗദി അറേബ്യയിലെ മുഴുവൻ വിമാനത്താവളങ്ങളിലും നടപ്പിലാക്കിയതായും ജനറൽ പാസ്സ്പോർട്ട്സ് വകുപ്പ് കൂട്ടിച്ചേർത്തു.

സൗദി അറേബ്യയിലൂടെ സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് യാത്രികരായി സഞ്ചരിക്കുന്നവർക്ക് എൻട്രി വിസ നേടുന്നതിനുള്ള ഒരു ഇ-സേവനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം 2023 ജനുവരി 30-ന് അറിയിച്ചിരുന്നു.

ഇത്തരം വിസകൾ ഉപയോഗിച്ച് കൊണ്ട് സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് യാത്രികർക്ക് നാല് ദിവസം വരെ സൗദി അറേബ്യയിൽ താമസിക്കാൻ അനുമതി ലഭിക്കുന്നതാണ്. ഇത്തരം വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന ട്രാൻസിറ്റ് യാത്രികർക്ക് സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുന്നതിനും, സൗദി അറേബ്യയിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനും, ഉംറ അനുഷ്ഠിക്കുന്നതിനും അനുമതിയുണ്ടായിരിക്കുന്നതാണ്.

സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന ട്രാൻസിറ്റ് യാത്രികർക്ക് സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വ്യക്തമാക്കിക്കൊണ്ട് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട്സ് (ജവാസത്) പിന്നീട് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിരുന്നു.

ഇത്തരം സന്ദർശകർക്ക് രാജ്യത്ത് ഡ്രൈവ് ചെയ്യാൻ അനുമതി ലഭിക്കുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി പിന്നീട് വ്യക്തമാക്കിയിരുന്നു.

Cover Image: Saudi Press Agency.