ഒമാൻ: റസ്റ്റോറന്റുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ നിന്നും ഭക്ഷണം വാങ്ങുന്ന അവസരത്തിൽ ശുചിത്വം ഉറപ്പാക്കാൻ ആഹ്വാനം

GCC News

വഴിയോര കച്ചവടക്കാരിൽ നിന്നും, റസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം വാങ്ങുന്ന അവസരത്തിൽ ശുചിത്വവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ശ്രദ്ധിക്കണമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. 2026 ഓഗസ്റ്റ് 31-നാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റി ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ശുചിത്വം പാലിക്കുന്നത് ഒരു പൊതു ഉത്തരവാദിത്തമാണെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭക്ഷ്യ സ്ഥാപനങ്ങളിൽ അടിസ്ഥാന ശുചിത്വ നടപടികൾ പാലിക്കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് മുനിസിപ്പാലിറ്റി ഉപഭോക്താക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ ശുചിത്വം, വൃത്തിയോട് കൂടിയുള്ള പാചകരീതികൾ, ശുചിയായ വിളമ്പൽ പാത്രങ്ങൾ, ഭക്ഷണം തയ്യാറാക്കുമ്പോൾ കയ്യുറകൾ ധരിക്കുന്നത് ഉൾപ്പടെയുള്ള ശീലങ്ങൾ തുടങ്ങിയവ ഇത്തരം സ്ഥാപനങ്ങളിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇതിന് പുറമെ, ഭക്ഷണശാലകളിൽ പ്രാണികളും ദുർഗന്ധവും ഇല്ലെന്നും, ഭക്ഷണം ഉചിതമായ താപനിലയിൽ സൂക്ഷിക്കുന്നുണ്ടെന്നും ഉപഭോക്താക്കൾ ഉറപ്പാക്കേണ്ടതാണ്.

പാലുൽപ്പന്നങ്ങൾ, മാംസം എന്നിവ ഉൾപ്പടെയുള്ള ഉചിതമായ താപനില ഉറപ്പാക്കേണ്ട ഭക്ഷണങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണശാലകളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിന് മുൻപായി തൊഴിലാളികൾ വൃത്തിയുള്ള യൂണിഫോം ധരിക്കുന്നുണ്ടോ, ഭക്ഷണം തയ്യാറാക്കുമ്പോൾ കയ്യുറകൾ ഉപയോഗിക്കുന്നുണ്ടോ, ഭക്ഷണവും പാത്രങ്ങളും വൃത്തിയുള്ള അന്തരീക്ഷത്തിൽ കൈകാര്യം ചെയ്യുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഉപഭോക്താക്കൾ പരിശോധിക്കണമെന്ന് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.