ഒമാൻ: അനധികൃതമായി വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പങ്ക് വെക്കുന്നവർക്ക് മുന്നറിയിപ്പ്

featured GCC News

അനധികൃതമായി വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പങ്ക് വെക്കുന്നവർക്ക് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ശക്തമായ മുന്നറിയിപ്പ് നൽകി. 2026 ജൂലൈ 19-നാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഔദ്യോഗിക ഉത്തരവ് ’61/2026′ പ്രകാരമുള്ള നിയമത്തിലെ ആർട്ടിക്കിൾ 36(2), 36(3) എന്നിവ പ്രകാരം മറ്റുള്ള വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും അനുമതി കൂടാതെ ഓൺലൈനിൽ പങ്ക് വെക്കുന്നവർക്ക് മൂന്ന് വർഷം തടവും 5,000 റിയാൽ പിഴയും ലഭിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. പങ്കിട്ട ഉള്ളടക്കം പൂർണ്ണമായും കൃത്യമാണെങ്കിൽ പോലും ഇത്തരം പ്രവർത്തികൾ ശിക്ഷാർഹമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

രാജ്യത്തെ സൈബർ ക്രൈം നിയമപ്രകാരം അനധികൃതമായി മറ്റുള്ളവരുടെ ചിത്രങ്ങൾ, വീഡിയോകൾ, വ്യക്തിഗത വിവരങ്ങൾ എന്നിവയുടെ എടുക്കുന്നതും, റെക്കോർഡ് ചെയ്യുന്നതും, സൂക്ഷിക്കുന്നതും, പങ്കിടുന്നതും ക്രിമിനൽ പ്രോസിക്യൂഷന് കാരണമാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റൊരാളെ ദ്രോഹിക്കുക എന്ന ഉദ്ദേശ്യത്തോടെ വാർത്തകൾ, ഡിജിറ്റൽ ഫോട്ടോഗ്രാഫുകൾ, ഓഡിയോ അല്ലെങ്കിൽ വീഡിയോ ക്ലിപ്പുകൾ, അഭിപ്രായങ്ങൾ, ഡാറ്റ അല്ലെങ്കിൽ വിവരങ്ങൾ – അവ സത്യവും ആധികാരികവുമാണെങ്കിൽ പോലും – പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

നിയമപരമായ ന്യായീകരണമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോകളോ വീഡിയോകളോ എടുക്കുക, കൈമാറ്റം ചെയ്യുക, വെളിപ്പെടുത്തുക, പകർത്തുക അല്ലെങ്കിൽ സൂക്ഷിക്കുക എന്നിവ വ്യക്തികളെ നിയമപരമായ പ്രത്യാഘാതങ്ങൾക്ക് വിധേയമാക്കുമെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരുപദ്രവകരമായ ഒരു ഫോട്ടോ, വീഡിയോ ക്ലിപ്പ് അല്ലെങ്കിൽ സോഷ്യൽ മീഡിയ പോസ്റ്റ് എന്ന് തോന്നുന്നവ ഗുരുതരവും നീണ്ടുനിൽക്കുന്നതുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

സാമൂഹിക മാധ്യമങ്ങളിലും മറ്റും വിവരങ്ങൾ പങ്ക് വെക്കുന്നതിനുള്ള ‘ഷെയർ’ സംവിധാനം ഉപയോഗിക്കുന്നതിന് മുൻപായി ആലോചിക്കാനും, ഉത്തരവാദിത്തം പുലർത്താനും പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരാളുടെ സ്വകാര്യതയോ പ്രശസ്തിയോ ലംഘിക്കുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കാൻ സോഷ്യൽ മീഡിയ ഉപയോക്താക്കളോട് പബ്ലിക് പ്രോസിക്യൂഷൻ നിർദ്ദേശിച്ചിട്ടുണ്ട്.