വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഖത്തർ എയർവേസ്

GCC News

തങ്ങളുടെ ഔദ്യോഗിക അക്കൗണ്ട് എന്ന രീതിയിൽ പൊതുജനങ്ങളെ കബളിപ്പിക്കുന്നത് ലക്ഷ്യമിടുന്ന വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകളെക്കുറിച്ച് ഖത്തർ എയർവേസ് മുന്നറിയിപ്പ് നൽകി. 2026 ഓഗസ്റ്റ് 10-നാണ് ഖത്തർ എയർവേസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഖത്തർ എയർവേസിന്റേതെന്ന രീതിയിൽ ആൾമാറാട്ടം നടത്തി വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്ന ഇത്തരം വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

പാസ്‌വേഡുകൾ, ഒറ്റത്തവണ പാസ്‌വേഡുകൾ (OTP), ബാങ്കിംഗ് വിശദാംശങ്ങൾ അല്ലെങ്കിൽ മറ്റ് സ്വകാര്യ വിവരങ്ങൾ എന്നിവ സോഷ്യൽ മീഡിയയിലൂടെയോ നേരിട്ടുള്ള സന്ദേശങ്ങളിലൂടെയോ പങ്കിടാൻ പൊതുജനങ്ങളോട് തങ്ങൾ ആവശ്യപ്പെടുന്നില്ലെന്ന് ഖത്തർ എയർവേസ് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുമായി ബന്ധപ്പെടുന്നതിനായി സ്ഥിരീകരിച്ച സോഷ്യൽ മീഡിയ ചാനലുകൾ, ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയവ മാത്രം ഉപയോഗിക്കാനും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.