ഖത്തർ: ദോഹ മെട്രോ യാത്രികരുടെ എണ്ണം 100 ദശലക്ഷം കടന്നതായി ഖത്തർ റെയിൽ

featured GCC News

ദോഹ മെട്രോ യാത്രികരുടെ എണ്ണം 100 ദശലക്ഷം കടന്നതായി ഖത്തർ റെയിൽ വ്യക്തമാക്കി. 2023 ജനുവരി 18-നാണ് ഖത്തർ റെയിൽ ഇക്കാര്യം അറിയിച്ചത്.

2019-ൽ ദോഹ മെട്രോ പ്രവർത്തനമാരംഭിച്ചത് മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരമാണ് യാത്രികരുടെ എണ്ണം നൂറ് ദശലക്ഷം രേഖപ്പെടുത്തിയിരിക്കുന്നത്. ലോകകപ്പ് 2022 ടൂർണമെന്റ്റ് ഉൾപ്പടെയുള്ള വിവിധ ചടങ്ങുകളുമായി ബന്ധപ്പെട്ട് മികച്ച രീതിയിൽ മെട്രോ സേവനങ്ങൾ നൽകിയത് യാത്രികരുടെ എണ്ണം വർധിക്കാൻ കാരണമായതായി അധികൃതർ ചൂണ്ടിക്കാട്ടി.

Source: Qatar Rail.

ഈ നേട്ടം ആഘോഷിക്കുന്നതിനായി 2023 ജനുവരി 18-ന് ദോഹയിലെ പ്രധാന കെട്ടിടങ്ങളിൽ പ്രത്യേക ദീപാലങ്കാരങ്ങൾ ഒരുക്കിയിരുന്നു.

Source: Qatar Rail.

ദോഹയിലെ പ്രധാന വിനോദസഞ്ചാരമേഖലകളിലേക്കും, ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ഉൾപ്പടെയുള്ള പ്രധാനമേഖലകളിലേക്കും മികച്ച യാത്രാ സേവനങ്ങൾ ഒരുക്കുന്ന ദോഹ മെട്രോ പൊതുജനങ്ങൾക്കിടയിൽ സ്വകാര്യ വാഹനങ്ങളെക്കാൾ പ്രിയപ്പെട്ട യാത്രാ സംവിധാനമായി മാറിയതായി ഖത്തർ റെയിൽ ചൂണ്ടിക്കാട്ടി. ദോഹ മെട്രോ ഉപയോഗിക്കുന്നവർക്ക് മെട്രോ സ്റ്റേഷനുകളിൽ നിന്ന് തങ്ങളുടെ യാത്രകൾ സുഗമമായി തുടരുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള മെട്രോലിങ്ക്, മെട്രോഎക്സ്പ്രസ് മുതലായ സംവിധാനങ്ങൾ കൂടുതൽ യാത്രികരെ മെട്രോ സേവനങ്ങളിലേക്ക് ആകർഷിച്ചതായും ഖത്തർ റെയിൽ വെളിപ്പെടുത്തി.

ഫിഫ ലോകകപ്പ് ടൂർണമെന്റ്റ് നടന്ന കാലയളവിൽ, 2022 നവംബർ 24-ന്, പ്രതിദിന മെട്രോ യാത്രികരുടെ എണ്ണത്തിൽ ദോഹ മെട്രോ പുതിയ റെക്കോർഡ് സ്ഥാപിച്ചിരുന്നു. 2022 നവംബർ 24 മാത്രം 827000 യാത്രികർക്കാണ് ദോഹ മെട്രോ യാത്രാ സേവനങ്ങൾ നൽകിയത്. 2019-ലെ ഖത്തർ നാഷണൽ ഡേ ദിനത്തിലായിരുന്നു (333000 യാത്രികർ) പ്രതിദിന മെട്രോ യാത്രികരുടെ എണ്ണത്തിലെ പഴയ റെക്കോർഡ്.

Cover Image: Qatar Rail.