ബുർജ് ഖലീഫ – ദുബായ് മാൾ മെട്രോ സ്റ്റേഷൻ നവീകരിക്കാൻ തീരുമാനം

featured GCC News

ബുർജ് ഖലീഫ – ദുബായ് മാൾ മെട്രോ സ്റ്റേഷൻ വിപുലീകരിക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. യാത്രികരുടെ തിരക്ക് കണക്കിലെടുത്താണ് കൂടുതൽ യാത്രികർക്ക് സേവനങ്ങൾ നൽകുന്ന രീതിയിൽ ഈ സ്റ്റേഷൻ നവീകരിക്കാനുള്ള പദ്ധതി RTA പ്രഖ്യാപിച്ചിരിക്കുന്നത്.

2025 ജൂൺ 22-നാണ് RTA ഇക്കാര്യം അറിയിച്ചത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ പ്രതിദിനം 220,000 യാത്രികർക്ക് സേവനം നൽകാൻ ബുർജ് ഖലീഫ – ദുബായ് മാൾ മെട്രോ സ്റ്റേഷനിൽ നിന്ന് സാധിക്കുന്നതാണ്.

Source: Dubai Media Office.

പൊതുഅവധി ദിനങ്ങൾ ഉൾപ്പടെയുളള വിശേഷാവസരങ്ങളിൽ ഈ മെട്രോ സ്റ്റേഷനിൽ അനുഭവപ്പെടുന്ന യാത്രികരുടെ വലിയ തിരക്ക് കണക്കിലെടുത്താണ് സ്റ്റേഷന്റെ ശേഷി 65 ശതമാനത്തോളം ഉയർത്താൻ RTA തീരുമാനിച്ചിരിക്കുന്നത്. എമ്മാർ പ്രോപ്പർടീസുമായി ചേർന്നാണ് RTA ഈ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി ബുർജ് ഖലീഫ – ദുബായ് മാൾ മെട്രോ സ്റ്റേഷന്റെ വിസ്തൃതി നിലവിലെ 6,700 സ്‌ക്വയർ മീറ്ററിൽ നിന്ന് 8,500 സ്‌ക്വയർ മീറ്ററാക്കി ഉയർത്തുന്നതാണ്. ഇതോടെ ഈ സ്റ്റേഷനിൽ നിന്ന് മണിക്കൂറിൽ12,320 യാത്രികർക്ക് (നിലവിൽ മണിക്കൂറിൽ 7250 യാത്രികർക്ക്) വരെ യാത്രാ സേവനങ്ങൾ നല്കാനാകുന്നതാണ്.