കേരള ബജറ്റ് 2020 – പ്രവാസികൾക്ക് എന്തെല്ലാം?

Kerala News

കേരള ബജറ്റ് 2020 ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് അവതരിപ്പിച്ചു. ചിലവുകൾ കുറയ്ക്കാനും, നികുതി വരുമാനം വർദ്ധിപ്പിക്കാനും പൊതുവെ ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റിൽ പ്രവാസികൾക്കായും പ്രവാസി ക്ഷേമത്തിനായും പ്രത്യേക ഊന്നൽ നൽകിയിട്ടുള്ള കാര്യങ്ങളും പദ്ധതികളും താഴെ കൊടുക്കുന്നു:

  • പ്രവാസി വകുപ്പിനായി ഈ ബജറ്റിൽ 90 കോടിരൂപയാണ് വകയിരുത്തിയിട്ടുള്ളത്. 2019-2020 കാലഘട്ടത്തിൽ പ്രവാസി വകുപ്പിനായി വകയിരുത്തിയിരുന്നത് 30 കോടിയായിരുന്നു.
  • നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് ധനമന്ത്രി ബജറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികൾക്ക് സഹായമെത്തിക്കാനുള്ള സാന്ത്വനം സ്‌കീമിനായി 27 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഒറ്റത്തവണ സഹായം നൽകുന്നതിന് ആരംഭിച്ച ഈ പദ്ധതിയുടെ കീഴിൽ സഹായം ലഭിക്കാനുള്ള കുടുംബ വരുമാന പരിധി ഒരു ലക്ഷം എന്നതിൽ നിന്ന് ഒന്നര ലക്ഷം എന്നാക്കി ഉയർത്തിയിട്ടുണ്ട്.
  • പ്രവാസി ക്ഷേമനിധിയ്ക്കായി ഒമ്പത് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
  • നോർക്കയുടെ കീഴിൽ സ്ഥാപിക്കുന്ന ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന് വേണ്ടി 2 കോടി വകയിരുത്തിയിട്ടുണ്ട്.
  • പ്രവാസികൾക്ക് വിദേശത്ത് വിവിധ നിയമ സഹായങ്ങളും ബോധവത്കരണവും നൽകാനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന പ്രത്യേക ഹെല്പ് ലൈൻ, പ്രവാസി ലീഗൽ എയ്ഡ് സെൽ എന്നിവയ്ക്കായി 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
  • പ്രവാസി സംഘടനകൾക്ക് ധന സഹായത്തിനായി 2 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
  • വിദേശത്ത് തൊഴിലവസരങ്ങൾ കണ്ടെത്താൻ സഹായകരമാകുന്ന ജോബ് പോർട്ടൽ വിദഗ്ദ്ധ സംഘത്തിന്റെ കീഴിൽ സമഗ്രമാക്കുന്നതിന് 1 കോടി രൂപ നീക്കിവെച്ചു.
  • വിദേശത്തെ ജോലികൾക്കായി 10,000 നേഴ്‌സുമാർക്ക് നൽകുന്ന ക്രാഷ് ഫിനിഷിങ് കോഴ്സിനായി 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
  • എയർപോർട്ട് ആംബുലൻസ് സർവീസ്, എയർപോർട്ട് ഇവാക്വേഷൻ എന്നിവയ്ക്കായി 1.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
  • പ്രവാസികളുടെ സമ്പാദ്യ സമാഹരണവും ക്ഷേമവും മുന്‍നിര്‍ത്തി ആരംഭിച്ചിട്ടുള്ള പ്രവാസി ഡിവിഡന്റും പ്രവാസി ചിട്ടിയും 2020-21 വര്‍ഷത്തില്‍ പൂര്‍ണമായും പ്രവര്‍ത്തനത്തിലെത്തും. പ്രവാസി ചിട്ടിയിൽ, ചിട്ടിയുടെ ആനുകൂല്യങ്ങൾക്കൊപ്പം പ്രവാസികൾക്ക് പെൻഷൻ ആനുകൂല്യങ്ങളും ഇൻഷുറൻസ് ആനുകൂല്യങ്ങളും കൂടി ഉറപ്പാക്കും.

1 thought on “കേരള ബജറ്റ് 2020 – പ്രവാസികൾക്ക് എന്തെല്ലാം?

Comments are closed.