ദുബായ് സഫാരി പാർക്ക്: ആറാമത് സീസൺ ഒക്ടോബർ 1 മുതൽ ആരംഭിക്കും

featured GCC News

ദുബായ് സഫാരി പാർക്കിന്റെ ആറാമത് സീസൺ 2024 ഒക്ടോബർ 1, ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. 2024 സെപ്റ്റംബർ 8-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുതുമകളുമായാണ് ദുബായ് സഫാരി പാർക്ക് പുതിയ സീസൺ ആരംഭിക്കുന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകൾ കഴിഞ്ഞ സീസൺ അവസാനിച്ചതിന് ശേഷമുള്ള വേനൽക്കാല ഇടവേളയിൽ പാർക്കിൽ പൂർത്തിയാക്കിയിരുന്നു.

സന്ദർശകർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വന്യമൃഗങ്ങളെയും, സസ്യജാലങ്ങളെയും, ജൈവവൈവിദ്ധ്യങ്ങളെയും അടുത്തറിയുന്നതിന് ദുബായ് സഫാരി പാർക്ക് അവസരമൊരുക്കുന്നു. ദുബായ് സഫാരി പാർക്കിലെത്തുന്ന സന്ദർശകർക്ക് ലോകമെമ്പാടുമുള്ള മൃഗങ്ങളെയും, പക്ഷികളെയും, കാലാവസ്ഥ നിയന്ത്രിക്കുന്ന അന്തരീക്ഷത്തിൽ, അവയുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയോട് ചേർന്ന് ജീവിക്കുന്ന രീതിയിൽ കാണാവുന്നതാണ്.

ആറ് വ്യത്യസ്ത സോണുകളിലായി മൂവായിരത്തിലധികം വന്യജീവികളെ അധിവസിപ്പിച്ചിരിക്കുന്ന ഈ പാർക്ക് ഉത്തരവാദിത്വത്തോടെയുള്ള വന്യജീവി സംരക്ഷണം, വിനോദസഞ്ചാരം എന്നീ ആശയങ്ങളെ എടുത്ത് കാട്ടുന്നു.