അബുദാബി: വാഹനങ്ങളിലെ ടയറുകൾ കാലാവധി കഴിഞ്ഞതും, തേയ്മാനം ഉള്ളതും അല്ലെന്ന് ഉറപ്പാക്കാൻ പോലീസ് ആഹ്വാനം ചെയ്തു

featured UAE

വാഹനങ്ങളിൽ പഴകിയതും, തേയ്മാനം സംഭവിച്ചതുമായ ടയറുകൾ ഉപയോഗിക്കുന്നത് ഡ്രൈവർമാരുടെയും, റോഡിലെ മറ്റു യാത്രികരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. വേനൽക്കാലത്ത് വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങളുടെ ഭാഗമായാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

ഇത്തരം ടയറുകൾ വലിയ അപകടങ്ങൾക്ക് കരണമാകാമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ ഡ്രൈവർമാർ തങ്ങളുടെ വാഹനങ്ങളിലെ ടയറുകളുടെ സ്ഥിതി പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് പോലീസ് ഓർമ്മപ്പെടുത്തി.

റോഡിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ വാഹനത്തിന്റെ ടയർ പൊട്ടിയത് മൂലം അപകടം ഉണ്ടാകുന്നതിന്റെ ഒരു ദൃശ്യം പോലീസ് ഈ അറിയിപ്പിനൊപ്പം പങ്ക് വെച്ചിട്ടുണ്ട്.

‘നിങ്ങളുടെ വാഹനങ്ങളുടെ സുരക്ഷ എന്നത് നിങ്ങളുടെ സുരക്ഷയാണ്’ എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. ഓടി കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ടയറുകൾ പൊട്ടിത്തെറിക്കുന്നതും, വാഹനങ്ങൾക്ക് തീ പിടിക്കുന്നതും വേനൽക്കാലങ്ങളിൽ സാധാരണയായി കണ്ട് വരുന്ന അപകടങ്ങളിലൊന്നാണെന്ന് ചൂണ്ടിക്കാട്ടിയ പോലീസ്, ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി അടിസ്ഥാനപരമായ ഏതാനം ടയർ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടങ്ങൾ ഒഴിവാക്കുന്നതിനായി, വാഹനങ്ങളിൽ ഉപയോഗിക്കുന്ന ടയറുകൾ പഴകിയതും, കേടുപാടുകൾ ഉള്ളതും അല്ലെന്ന് ഉറപ്പിക്കാനും, കൃത്യമായ അളവിൽ കാറ്റ് നിറച്ചിട്ടുണ്ടെന്ന് നിരന്തരം പരിശോധിച്ചുറപ്പിക്കാനും ഇതിന്റെ ഭാഗമായി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കാലാവധി കഴിഞ്ഞതും, തേയ്മാനം ഉള്ളതുമായ ടയറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഓരോ വാഹനങ്ങൾക്കും അനുയോജ്യമായ അംഗീകൃത വലിപ്പത്തിലുള്ള ടയറുകൾ ഉപയോഗിക്കുന്നതും അപകടങ്ങൾ ഒഴിവാക്കുന്നതിന് ഏറെ പ്രധാനമാണ്.

Cover Image: Pixabay.