ദുബായ്: കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നത് ശിക്ഷാർഹം

UAE

പാർക്ക് ചെയ്‌ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്ന രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. ഇത്തരത്തിൽ വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കിപ്പോകുന്നത് യു എ ഇ ട്രാഫിക്ക് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് ദുബായ് പോലീസ് വ്യക്തമാക്കി.

ഇത്തരക്കാർക്കെതിരെ അശ്രദ്ധയോടെയുള്ള പ്രവർത്തങ്ങൾ ചുമത്തി നിയമ നടപടികൾ കൈക്കൊള്ളുമെന്ന് പോലീസ് ഓർമ്മപ്പെടുത്തി. ഒക്ടോബർ 17-നാണ് ദുബായ് പോലീസ് ട്വിറ്ററിലൂടെ ഈ അറിയിപ്പ് നൽകിയത്.

നിർത്തിയിട്ട വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകുന്നത് മൂലമുണ്ടാകുന്ന ഗുരുതരമായ അപകടങ്ങൾ കണക്കിലെടുത്താണ് ദുബായ് പോലീസ് ഈ മുന്നറിയിപ്പ് ആവർത്തിച്ചത്. അടച്ചിട്ട വാഹനങ്ങൾക്കുള്ളിലെ തീവ്രമായ ചൂട് മൂലം കുട്ടികൾക്ക് അപകടം സംഭവിക്കാൻ ഇടയുണ്ടെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

കുട്ടികളുടെ അവകാശങ്ങൾക്ക് സംരക്ഷണം നൽകുന്നതിനായുള്ള യു എ ഇ ഫെഡറൽ നിയമം ‘3/ 2016’ പ്രകാരം കുട്ടികളുടെ സുരക്ഷ അവഗണിക്കുന്നതും, മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതിരിക്കുന്നതും പിഴ, തടവ് എന്നിവ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.