അടിയന്തിര ആവശ്യങ്ങൾക്ക് ഫൈസർ, ബയോ എൻ ടെക് COVID-19 വാക്സിൻ ഉപയോഗിക്കാൻ കുവൈറ്റ് അനുമതി നൽകി

GCC News

ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകർക്കും മറ്റും അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 13, ഞായറാഴ്ച്ചയാണ് ഫൈസർ വാക്സിനു അടിയന്തിര അനുമതി നൽകാൻ മന്ത്രാലയം തീരുമാനിച്ചത്.

കുവൈറ്റിലെ പൊതു ആരോഗ്യ വിഭാഗവും, ഔഷധങ്ങൾക്ക് ഔദ്യോഗിക അനുമതി നൽകുന്ന കമ്മിറ്റിയും സംയുക്തമായാണ് ഈ വാക്സിൻ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് ഫർമസ്യൂട്ടിക്കൽ ആൻഡ് ഫുഡ് സൂപ്പർവിഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അബ്ദുല്ല അൽ ബദർ വ്യക്തമാക്കി. വാക്സിൻ സംബന്ധിച്ച സമഗ്രമായ വിശകലനങ്ങൾക്കും, പരിശോധനകൾക്കും ശേഷമാണ് കുവൈറ്റ് ഇക്കാര്യം തീരുമാനിച്ചത്.

വാക്സിന്റെ സുരക്ഷ, സഫലത തുടങ്ങിയ നിരവധി ഘടകങ്ങൾ വിശകലനം ചെയ്ത ശേഷമാണ് അധികൃതർ ഫൈസർ വാക്സിനു അടിയന്തിര അനുമതി നൽകിയിട്ടുള്ളത്. ആഗോളതലത്തിൽ ഈ വാക്സിനിന്റെ ക്ലിനിക്കൽ ട്രയൽ സംബന്ധമായ ഫലങ്ങളും കുവൈറ്റ് വിശകലനം ചെയ്തിരുന്നു.

COVID-19 വാക്സിൻ സ്വീകരിക്കുന്നതിനായുള്ള പ്രാഥമിക രജിസ്‌ട്രേഷൻ ഓൺലൈനിലൂടെ ആരംഭിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.