ആസ്ട്രസെനേക്കാ COVID-19 വാക്സിന് ദുബായ് അംഗീകാരം നൽകി; ആദ്യ ബാച്ച് വാക്സിൻ ഇന്ത്യയിൽ നിന്ന് ദുബായിലെത്തി

GCC News

ഇന്ത്യയിൽ നിന്നുള്ള ആദ്യ ബാച്ച് ആസ്ട്രസെനേക്കാ COVID-19 വാക്സിൻ എമിറേറ്റിലെത്തിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. എമിറേറ്റിലെ വാക്സിനേഷൻ നടപടികളുടെ ഭാഗമായി ആസ്ട്രസെനേക്കാ COVID-19 വാക്സിൻ ഉപയോഗിക്കുന്നതിനുള്ള ഔദ്യോഗിക അംഗീകാരം നൽകാൻ തീരുമാനിച്ചതായും DHA വ്യക്തമാക്കിയിട്ടുണ്ട്.

അംഗീകാരം നൽകിയതോടെ ആസ്ട്രസെനേക്കാ COVID-19 വാക്സിൻ DHA-യുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 2, ചൊവ്വാഴ്ച്ചയാണ് DHA ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നൽകിയത്. ദുബായ് എയർപോർട്ടിലൂടെയാണ് ആദ്യ ബാച്ച് വാക്സിൻ ഇന്ത്യയിൽ നിന്ന് എമിറേറ്റിലെത്തിയത്.

ആസ്ട്രസെനേക്കാ COVID-19 വാക്സിൻ എമിറേറ്റിൽ ലഭ്യമാക്കുന്നതിൽ യു എ ഇ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സ് ആൻഡ് ഇന്റർനാഷണൽ കോ-ഓപ്പറേഷന്റെയും (MoFAICUAE), ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെയും സംയുക്ത പങ്കിനെ DHA പ്രശംസിച്ചു. ഇംഗ്ലണ്ടിലെ കാംബ്രിഡ്ജിൽ സ്ഥിതിചെയ്യുന്ന ആസ്ട്രസെനേക്ക ബ്രിട്ടീഷ്-സ്വീഡിഷ് സംയുക്ത ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് തയ്യാറാക്കിയ ഈ വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലാണ് നിർമ്മിക്കുന്നത്.

28 ദിവസത്തെ ഇടവേളകളിൽ രണ്ട് ഡോസ് കുത്തിവെപ്പായാണ് ഈ വാക്സിൻ നൽകുന്നത്. ദുബായിൽ ഉപയോഗത്തിനുള്ള ഔദ്യോഗിക അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ COVID-19 വാക്സിനാണിത്. ചൈനീസ് നിർമ്മിത സിനോഫാം വാക്സിൻ, ഫൈസർ വാക്സിൻ എന്നിവയും DHA നിലവിൽ നൽകി വരുന്നുണ്ട്. 800 342 എന്ന നമ്പറിലൂടെ വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള മുൻ‌കൂർ അനുമതി ലഭിക്കുന്നതാണ്.