എമിറേറ്റിലെ റോഡുകളിൽ അശ്രദ്ധ കൊണ്ടും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നവർക്ക് കനത്ത പിഴതുകകൾ ചുമത്തപ്പെടാമെന്ന് അബുദാബി പോലീസ് (ADP) ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. റെഡ് ലൈറ്റ് സിഗ്നൽ അനുസരിക്കാതെ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നത് അപകടകരമായ നിയമലംഘനമാണെന്ന് പോലീസ് ഓർമ്മപ്പെടുത്തി.
മെയ് 18-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ട്രാഫിക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിക്കുന്നവർക്ക് 51000 ദിർഹം വരെ പിഴ ചുമത്തപ്പെടാമെന്ന് പോലീസ് വ്യക്തമാക്കി.
ട്രാഫിക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ അബുദാബിയിലെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ‘2020/ 5’ എന്ന നിയമപ്രകാരമാണ് നടപടികൾ കൈക്കൊള്ളുന്നതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. താഴെ പറയുന്ന രീതിയിലാണ് ഇത്തരം വാഹനങ്ങൾക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുന്നത്:
- ട്രാഫിക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിക്കുന്ന വാഹനങ്ങൾക്ക് 1000 ദിർഹം പിഴ ചുമത്തുന്നതാണ്.
- ഇവർക്ക് 12 ട്രാഫിക്ക് ബ്ലാക് പോയിന്റുകൾ ചുമത്തുന്നതാണ്.
- അപകടങ്ങൾക്കിടയാക്കുന്ന വാഹനങ്ങൾ 30 ദിവസത്തേക്ക് പോലീസ് പിടിച്ചെടുക്കുന്നതാണ്.
- ഇത്തരത്തിൽ പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങൾ വിട്ടുകിട്ടുന്നതിന് 50000 ദിർഹം ഈടാക്കുന്നതാണ്. ഈ ഫീസ് അടയ്ക്കുന്നത് വരെ വാഹനം വിട്ടു കൊടുക്കുന്നതല്ല. പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഈ തുക അടച്ച് തിരികെ കൈപ്പറ്റാത്ത വാഹനങ്ങൾ ലേലം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അമിതവേഗം, അശ്രദ്ധ, മൊബൈൽ ഫോണിന്റെ ഉപയോഗം എന്നിങ്ങിനെ മൂന്ന് പ്രധാന കാരണങ്ങളാണ്, നാല്ക്കവലകളിലും മറ്റും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നതിലേക്ക് നയിക്കുന്നതെന്ന് ADP നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ട്രാഫിക്ക് സിഗ്നലുകളിൽ അശ്രദ്ധയോടെ വാഹനം ഉപയോഗിക്കുന്ന പ്രവണത വാഹനമോടിക്കുന്നവരുടെയും, മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെയും ജീവനു ഒരു പോലെ ഭീഷണി ഉയർത്തുന്നതാണെന്ന് ഓർമ്മപ്പെടുത്തിയ അബുദാബി പോലീസ്, ജനങ്ങളോട് ഇത്തരം നിയമങ്ങൾ പാലിക്കാൻ ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടു.