സൗദി: COVID-19 വാക്സിനെടുക്കാത്ത വ്യക്തികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ല

Saudi Arabia

COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുക്കാത്ത വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർക്ക് പുതിയ അധ്യയന വർഷത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ല്ലെന്ന് സൗദി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹമദ് അൽ അഷെയ്ഖ് വ്യക്തമാക്കി. ഓഗസ്റ്റ് 28-ന് നടന്ന സൗദി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രാദേശിക വിദ്യാഭ്യാസ ഡയറക്ടർമാരുമായുള്ള ഒരു യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രണ്ട് ഡോസ് കുത്തിവെപ്പ് പൂർത്തിയാക്കുന്നത് വരെയുള്ള കാലയളവിൽ വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. 2021 ഓഗസ്റ്റ് 29, ഞായറാഴ്ച്ച മുതൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന മുൻകരുതൽ നടപടികൾ അദ്ദേഹം യോഗത്തിൽ വിലയിരുത്തി. ഇത്തരം സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

സൗദിയിൽ ഏതാണ്ട് ആറ് ദശലക്ഷം കുട്ടികളാണ് ഞായറാഴ്ച്ച ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ പുത്തൻ പ്രതീക്ഷകളുമായി വിദ്യാലയങ്ങളിലേക്കെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുഴുവൻ വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പ് വരുത്തുകയും, അതിലൂടെ രക്ഷിതാക്കളുടെയും, കുടുംബങ്ങളുടെയും ആരോഗ്യം, സുരക്ഷ, ധൈര്യം എന്നിവ ഉറപ്പ് വരുത്തുകയുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാലയങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ നടപ്പിലാക്കുന്നതും, ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടർച്ചയായി വിലയിരുത്തുന്നതും വിദ്യാഭ്യാസ ഡയറക്ടർമാരുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിലേക്കെത്തുന്ന വിദ്യർത്ഥികൾ തവക്കൽന ആപ്പിലൂടെ തങ്ങളുടെ ആരോഗ്യ സ്റ്റാറ്റസ് തെളിയിക്കണമെന്നും അദ്ദേഹം ഇതേ യോഗത്തിൽ അറിയിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പ് മുന്നോട്ട് വെച്ചിട്ടുള്ള സുരക്ഷാ മുൻകരുതൽ നടപടികളും, നിബന്ധനകളും കൃത്യമായി പാലിക്കാൻ അദ്ദേഹം രാജ്യത്തെ മുഴുവൻ വിദ്യാർത്ഥികളോടും, അധ്യാപകരോടും, രക്ഷിതാക്കളോടും ആഹ്വാനം ചെയ്തു.