സൗദി: വാക്സിനെടുക്കാത്ത വിദ്യാർത്ഥികളുടെ ഹാജർ; രണ്ടാഴ്ച്ചത്തെ ഇളവ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

featured Saudi Arabia

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വാക്സിനെടുക്കുന്നതിനായി രണ്ടാഴ്ച്ചത്തെ അധിക സമയം അനുവദിക്കുമെന്നും, ഇത്തരം വിദ്യാർത്ഥികളെ ഈ കാലയളവിൽ ഹാജരല്ലാത്തവരായി കണക്കാക്കില്ലെന്നും സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക് ഈ ഇളവ് ബാധകമാണ്.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക്, പുതിയ അധ്യയന വർഷത്തിൽ, വിദ്യാലയങ്ങളിൽ ഹാജർ അനുവദിക്കില്ലെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ തീരുമാനത്തിലാണ് ഇപ്പോൾ രണ്ടാഴ്ച്ചത്തെ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതുവരെ രണ്ട് ഡോസ് COVID-19 വാക്സിനെടുക്കാത്ത 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച്ച കൂടി വാക്സിനെടുക്കുന്നതിനായി ഇളവ് അനുവദിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

വിദ്യാർത്ഥികൾക്ക് തങ്ങളുടെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് കൂടുതൽ സാവകാശം നല്കുന്നതിനായാണ് ഈ തീരുമാനം. ഈ കാലയളവിൽ വിദ്യാർത്ഥികളോട് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാലയങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് രാജ്യത്തെ 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ COVID-19 വാക്സിന്റെ മുഴുവൻ ഡോസ് കുത്തിവെപ്പുകളും നിർബന്ധമായും എടുത്തിരിക്കണമെന്ന് പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം രക്ഷിതാക്കൾക്കായി നൽകിയ അറിയിപ്പിൽ അറിയിച്ചിരുന്നു. രണ്ടാം ഡോസ് കുത്തിവെപ്പെടുക്കുന്നത് വരെ ഇവർ അവധി എടുത്തതായി കണക്കാക്കുന്നതും, ഹാജർ അനുവദിക്കുന്നതുമല്ലെന്നുമാണ് മന്ത്രാലയം അറിയിച്ചിരുന്നത്.

Cover Photo: Saudi Press Agency.