സൗദി: വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് ഹാജർ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Saudi Arabia

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക്, പുതിയ അധ്യയന വർഷത്തിൽ, വിദ്യാലയങ്ങളിൽ ഹാജർ അനുവദിക്കില്ലെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം രക്ഷിതാക്കൾക്കായി നൽകിയ അറിയിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാലയങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് രാജ്യത്തെ 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ COVID-19 വാക്സിന്റെ മുഴുവൻ ഡോസ് കുത്തിവെപ്പുകളും നിർബന്ധമായും എടുത്തിരിക്കണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. “രണ്ട് ഡോസ് വാക്സിനെടുക്കാത്ത യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക് വിദ്യാലയങ്ങളിലേക്ക് പ്രവേശനം നൽകില്ല. ഇവരുടെ രജിസ്ട്രേഷൻ താത്‌കാലികമായി റദ്ദാക്കുന്നതാണ്. രണ്ടാം ഡോസ് കുത്തിവെപ്പെടുക്കുന്നത് വരെ ഇവർ അവധി എടുത്തതായി കണക്കാക്കുന്നതും, ഹാജർ അനുവദിക്കുന്നതുമല്ല.”, സൗദി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹമദ് അൽ അഷെയ്ഖ് വ്യക്തമാക്കി.

“രണ്ട് ഡോസ് വാക്സിനെടുത്തിട്ടുള്ള മിഡിൽ, ഹൈ സ്കൂൾ വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടെത്തേണ്ടതാണ്. ഈ വിഭാഗത്തിൽ വാക്സിനെടുക്കാത്തവർക്കും രണ്ടാം ഡോസ് എടുക്കുന്നത് വരെ ഹാജർ അനുവദിക്കില്ല.”, അദ്ദേഹം കൂട്ടിച്ചേർത്തു.