ഒമാനിലെ COVID-19 രോഗബാധിതരുടെ എണ്ണം കുറയുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി

Oman

രാജ്യത്തെ COVID-19 സാഹചര്യം നിലവിൽ വളരെയധികം മെച്ചപ്പെട്ടതായും, പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നതായും ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. ആഹ്മെദ് അൽ സൈദി വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ.ടെഡ്രോസ് അധനോം ഗെബ്രെയേസുസിന്റെ ഒമാൻ സന്ദർശനത്തിന്റെ അവസരത്തിലാണ് ഡോ. അൽ സൈദി ഇക്കാര്യങ്ങൾ അറിയിച്ചത്.

രാജ്യത്തെ പുതിയ രോഗബാധിതരുടെ എണ്ണം കുറയുന്നതിനൊപ്പം, ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം ഒമാൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. രാജ്യത്തെ കൊറോണ വൈറസ് സാഹചര്യം അസാധാരണമായ രീതിയിൽ മെച്ചപ്പെട്ടതായും, രോഗവ്യാപനം, മരണനിരക്ക് എന്നിവ കുറഞ്ഞതായും അദ്ദേഹം അറിയിച്ചു.

സെപ്റ്റംബർ 18-ന് രാജ്യത്താകമാനം ഇരുപതിൽ താഴെ പേരെ മാത്രമാണ് COVID-19 രോഗബാധയെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ മുൻകരുതലുകൾ കർശനമായി തുടരാൻ അദ്ദേഹം പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.

കൊറോണ വൈറസിനെതിരെ ഒമാൻ നടപ്പിലാക്കിയിട്ടുള്ള മുൻകരുതൽ നടപടികളെ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ അഭിനന്ദിച്ചു.

രാജ്യത്ത് COVID-19 വാക്സിനെടുക്കുന്നതിന് മുൻഗണന നൽകിയിട്ടുള്ള മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും രണ്ട് ഡോസ് വാക്സിൻ നൽകുന്ന നടപടികൾ 2021 ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും ഡോ. ആഹ്മെദ് അൽ സൈദി അറിയിച്ചിട്ടുണ്ട്.