പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് തടസമുണ്ടാക്കുന്ന വിധത്തിൽ അമിതമായ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ, അമിതവേഗതയിൽ അശ്രദ്ധമായി ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്ക് പിഴ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി.
ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 20 പ്രകാരം, ഇത്തരം വാഹനങ്ങൾക്ക് 2000 ദിർഹം പിഴയും, 12 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ വാഹനങ്ങളുടെ എൻജിൻ, മറ്റു ഭാഗങ്ങൾ എന്നിവ അനധികൃതമായി മാറ്റം വരുത്തുന്നവർക്കെതിരെ ആർട്ടിക്കിൾ 73 പ്രകാരം 1000 ദിർഹം പിഴയും, 12 ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണ്.
ഇത്തരം വാഹനങ്ങൾ 30 ദിവസത്തേക്ക് പിടിച്ചെടുക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു. പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങൾ വിട്ടു കിട്ടുന്നതിന് മൂന്ന് മാസത്തിനിടയിൽ 10000 ദിർഹം കെട്ടിവെക്കേണ്ടതാണ്. ഈ കാലയളവിനുള്ളിൽ വാഹനം വിട്ടുകിട്ടുന്നതിനുള്ള തുക അടയ്ക്കാത്ത വാഹനങ്ങൾ ലേലം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍പ്പിട മേഖലകളിൽ ഇത്തരം വാഹനങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർക്ക് ഇക്കാര്യം 999 എന്ന നമ്പറിലൂടെ അബുദാബി പോലീസ് കമാൻഡ് ആൻഡ് കണ്ട്രോൾ സെന്ററിൽ അറിയിക്കാവുന്നതാണ്.