കൊറോണാ ബാധയെത്തുടർന്ന് ക്വാറന്റീൻ നടപടികൾ കൈക്കൊണ്ടിരുന്ന യാസ് ഐലൻഡിലെ 2 ഹോട്ടലുകളിലെ 167 പേർക്ക് ആരോഗ്യ പരിശോധനകൾക്കു ശേഷം രോഗബാധയില്ല എന്ന് കണ്ടെത്തിയതായി അബുദാബി ആരോഗ്യവകുപ്പ് ഔദ്യോഗികമായി അറിയിച്ചു. ഇന്നലെ 2020 യു എ ഇ ടൂർ റോഡ് സൈക്ലിംഗ് റേസിൽ പങ്കെടുത്ത രണ്ട് ഇറ്റാലിയൻ പൗരന്മാർക്ക് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അവർ താമസിച്ചിരുന്ന യാസ് ഐലൻഡിലെ 2 ഹോട്ടലുകളിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ക്വാറന്റീൻ നടപടികൾ എടുത്തിരുന്നു. കൊറോണാ ബാധ സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരെയെല്ലാം സൂക്ഷ്മപരിശോധനകൾക്ക് വിധേയരാക്കിവരികയായിരുന്നു. ഇതിൽ 167 പേരുടെ പരിശോധനാഫലമാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്.
സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നതായും ബാക്കിയുള്ളവരുടെ പരിശോധനാഫലങ്ങൾ ഉടൻ ലഭ്യമാകും എന്നും അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ച രണ്ടുപേരെയും ആരോഗ്യ രംഗത്തെ വിദഗ്ദ്ധരടങ്ങിയ മെഡിക്കൽ സംഘം സൂക്ഷ്മപരിശോധനകൾക്ക് വിധേയരാക്കി വരികയാണ്. രോഗം പടരുന്നത് തടയാനുള്ള എല്ലാ നടപടികളും കൈക്കൊണ്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. തുറമുഖങ്ങളിലും രാജ്യത്തേയ്ക്കുള്ള മറ്റു അതിർത്തികളിലും തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധനകൾ ഊർജ്ജിതമാക്കിയതായും അധികൃതർ അറിയിച്ചു.