രാജ്യത്തെ വിദ്യാലയങ്ങളിലും, സർവ്വകലാശാലകളിലും 2022 ജനുവരി 21 വരെ വിദൂര വിദ്യാഭ്യാസ രീതി തുടരാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി. 2022 ജനുവരി 12, ബുധനാഴ്ച്ച വൈകീട്ട് നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ യു എ ഇ വിദ്യാഭ്യാസ മേഖലയുടെ ഔദ്യോഗിക വക്താവ് ഹസാ അൽ മൻസൂരിയാണ് ഇക്കാര്യം അറിയിച്ചത്.
ഈ തീരുമാന പ്രകാരം, സ്കൂളുകളിലും, സർവ്വകലാശാലകളിലും 2022 ജനുവരി 17 മുതൽ ജനുവരി 21 വരെ ഒരാഴ്ച്ചത്തേക്ക് കൂടി വിദൂര വിദ്യാഭ്യാസ രീതി തുടരുമെന്ന് അദ്ദേഹം അറിയിച്ചു. വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിലുള്ള എല്ലാ പരീക്ഷകളും 2022 ജനുവരി 28 വരെ മാറ്റിവെച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണ വൈറസ് മഹാമാരിയെ ചെറുക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിച്ചിട്ടുള്ള പ്രതിരോധ നടപടിക്രമങ്ങളും, നിർദ്ദേശങ്ങളും സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അദ്ദേഹം പത്രസമ്മേളനത്തിൽ അവതരിപ്പിച്ചു. അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിന് വിദ്യാഭ്യാസ മേഖല സജ്ജമാണെന്നും, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിദ്യാഭ്യാസ പ്രക്രിയയുടെ തുടർച്ച നിലനിർത്തുന്നതിനായി, അടിയന്തര സാഹചര്യങ്ങളിൽ ഉടനടി നടപടിയെടുക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനും, അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി മന്ത്രാലയം COVID-19 മഹാമാരിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂളുകളിലും, സർവ്വകലാശാലകളിലും ജനുവരി 17 മുതൽ ജനുവരി 21 വരെ വിദൂര വിദ്യാഭ്യാസ രീതി തുടരാനുള്ള തീരുമാനം രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക അധികൃതർക്ക് ഇത് നടപ്പിലാക്കുന്നത് നിയന്ത്രിക്കാൻ അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് രാജ്യത്ത് നടപ്പിലാക്കുന്ന പ്രതിരോധ നടപടികളോട് പൊതുസമൂഹം പൂർണമായും സഹകരിക്കേണ്ടതിന്റെ പ്രാധാന്യം യു എ ഇ ആരോഗ്യമേഖലയുടെ ഔദ്യോഗിക വക്താവ് ഡോ.നൂറ അൽ ഗൈതി ഈ പത്രസമ്മേളനത്തിൽ പ്രത്യേകം എടുത്തു പറഞ്ഞു. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും, രാജ്യത്തെ സാധാരണ രീതിയിലേക്ക് തിരികെക്കൊണ്ടുവരുന്നതിനുമായി യു എ ഇ ഒരു മുൻനിര മാതൃക അവതരിപ്പിച്ചിട്ടുണ്ടെന്നും അവർ വിശദീകരിച്ചു.
യോഗ്യരായ എല്ലാ വ്യക്തികൾക്കും വാക്സിനുകൾ നൽകിക്കൊണ്ട് ആരോഗ്യമേഖല സ്വായത്തമാക്കിയ പ്രതിരോധശേഷി കൈവരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ജനസംഖ്യയുടെ 100 ശതമാനം പേർക്കും വാക്സിൻ ആദ്യ ഡോസ് ലഭിച്ചിട്ടുണ്ടെന്നും 92.76 ശതമാനം പേർ പൂർണമായി വാക്സിൻ എടുത്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. രോഗബാധ, ആശുപത്രിവാസം, മരണനിരക്ക് എന്നിവ കുറയ്ക്കുന്നതിനും, വൈറസ് വകഭേദങ്ങളുടെ വ്യാപനം തടയുന്നതിനും പ്രാഥമിക, ബൂസ്റ്റർ കുത്തിവെപ്പുകൾ ഉൾപ്പടെയുള്ള വാക്സിനേഷൻ നടപടികൾ ഏറെ സഹായകമാണെന്ന് ഡോ. അൽ ഗൈതി വിശദീകരിച്ചു.
WAM