ഒമാൻ: അസ്ഥിര കാലാവസ്ഥ തുടരുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു

GCC News

രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദം മൂലം ഒമാനിൽ വിവിധ ഇടങ്ങളിൽ വരും ദിനങ്ങളിൽ മഴയ്ക്കും, അസ്ഥിര കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. ജനുവരി 14-നാണ് ഒമാൻ CAA ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്.

“മുസന്ദം, നോർത്ത് അൽ ബത്തിന, അൽ ബുറൈമി തുടങ്ങിയ ഗവർണറേറ്റുകളിൽ ജനുവരി 14-ന് വൈകീട്ട് മുതൽ ആകാശം മേഘാവൃതമാകുന്നതിന് സാധ്യതയുണ്ട്. ഇത് വരും ദിനങ്ങളിലും തുടരുന്നതാണ്. മുസന്ദം ഗവർണറേറ്റിലും, നോർത്ത് അൽ ബത്തിന ഗവർണറേറ്റിന്റെ ഉയരം കൂടിയ മേഖലകളിലും 20 മുതൽ 50 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും, താഴ്ന്ന മേഖലകളിൽ പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. മുസന്ദം ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകുന്നതിനും, മൂന്ന് മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും സാധ്യതയുണ്ട്.”, CAA പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് CAA മുന്നറിയിപ്പ് നൽകി. മഴയുള്ള സമയങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കാനും CAA ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2022 ജനുവരി 15, ശനിയാഴ്ച്ച വൈകീട്ട് മുതൽ രാജ്യത്ത് കാലാവസ്ഥ അസ്ഥിരമാകാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ കേന്ദ്രം ജനുവരി 13-ന് അറിയിപ്പ് നൽകിയിരുന്നു.