എക്സ്പോ 2020: ദുബായ് ഭരണാധികാരി ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു

UAE

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു. യു എ ഇ ധനമന്ത്രിയും, ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയുമായ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അദ്ദേഹത്തെ അനുഗമിച്ചു.

എക്സ്പോ വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ പവലിയൻ സന്ദർശിച്ചു. ഭാരതത്തിന്റെ അതിപുരാതനവും, ഉജ്ജ്വലവുമായ പൈതൃകം, ഭാവിയെക്കുറിച്ചുള്ള രാജ്യത്തിന്റെ അഭിലാഷങ്ങൾ, അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥ എന്നിവയെക്കുറിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് നേരിട്ട് മനസ്സിലാക്കി.

Source: WAM.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കല, സംസ്‍കാരം, സാഹിത്യം, സിനിമ, ഭക്ഷണശീലങ്ങൾ എന്നിവ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന രീതിയിലാണ് ഇന്ത്യൻ പവലിയൻ ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ഭാരതത്തിലെ വാണിജ്യ, നിക്ഷേപക സാധ്യതകളെക്കുറിച്ച് അടുത്തറിയുന്നതിനും ഈ പവലിയൻ സന്ദർശകർക്ക് അവസരം നൽകുന്നു.

Source: WAM.

നിപുണത, വ്യവസായം, പാരമ്പര്യം, വിനോദസഞ്ചാരം, സാങ്കേതിക വിദ്യ എന്നീ ഘടകങ്ങളെ എടുത്തുകാണിക്കുന്ന രീതിയിലാണ് ഇന്ത്യൻ പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം, സാങ്കേതിക രംഗത്തെ നേട്ടങ്ങൾ എന്നിവ ഈ പവലിയനിൽ തെളിഞ്ഞ് കാണാവുന്നതാണ്. നാല് നിലകളിലൊരുക്കിയിട്ടുള്ള ഇന്ത്യൻ പവലിയൻ ഔഗ്മെന്റഡ് റിയാലിറ്റി, പ്രോജെക്ഷൻ മാപ്പിംഗ് മുതലായ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നു.

Source: WAM.

ഇന്ത്യൻ പവലിയൻ സന്ദർശിക്കുന്നവർക്ക് യോഗ മുതൽ ബഹിരാകാശ സാങ്കേതികവിദ്യകൾ വരെ നീളുന്ന ഭാരതത്തിന്റെ നേട്ടങ്ങളെ അടുത്തറിയാൻ അവസരം ലഭിക്കുന്നു. വിവിധ വർണ്ണങ്ങളിലുള്ള 600 ബ്ലോക്കുകളാൽ നവീനമായ രീതിയിൽ നിർമ്മിച്ചിട്ടുള്ള ചലിക്കുന്ന മുഖപ്പ് ഇന്ത്യൻ പവലിയന്റെ പ്രത്യേകതയാണ്. ഒരു അച്ചുതണ്ടിൽ കറങ്ങുന്ന രീതിയിൽ തയ്യാറാക്കിയിട്ടുള്ള ഈ ബ്ലോക്കുകൾ ചിത്രവേല പോലെ വിവിധ പ്രമേയങ്ങൾ പ്രദർശിപ്പിക്കുന്നു. ഇന്ത്യ മുന്നോട്ട് കുതിക്കുന്നു എന്ന ആശയത്തിലൂന്നിയാണ് ഈ പവലിയനു രൂപം നൽകിയിരിക്കുന്നത്. ഏതാണ്ട് 4614 സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള ഈ പവലിയൻ 2021 ഒക്ടോബർ 1-ന് ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ ഉദ്‌ഘാടനം ചെയ്തിരുന്നു.

Source: WAM.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് തുടർന്ന് ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിൽ തന്നെ സ്ഥിതിചെയ്യുന്ന പാകിസ്ഥാൻ പവലിയനും സന്ദർശിച്ചിരുന്നു. രാജ്യത്തിന്റെ പരിസ്ഥിതി സംബന്ധമായ സൗന്ദര്യം എടുത്ത് കാട്ടുന്ന രീതിയിലാണ് പാകിസ്ഥാൻ പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്.

‘ഗുപ്‌തമായ സമ്പത്ത്’ എന്ന ആശയത്തിലൂന്നിയാണ് പാകിസ്ഥാൻ പവലിയൻ ഒരുക്കിയിരിക്കുന്നത്. വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ പാകിസ്ഥാൻ എന്ന രാജ്യം മുന്നോട്ട് വെക്കുന്ന സാധ്യതകളെ ഈ പവലിയൻ എടുത്ത് കാട്ടുന്നു.

Source: WAM.

സന്ദർശകർക്ക് സുസ്ഥിരത, കായികം, സാങ്കേതികം തുടങ്ങിയ മേഖലകളിൽ പാകിസ്ഥാൻ കൈവരിച്ചിട്ടുള്ള പുരോഗതി മനസിലാക്കുന്നതിന് ഈ പവലിയൻ അവസരമൊരുക്കുന്നു. പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ ഏഴായിരത്തിൽ പരം വർഷത്തെ ചരിത്രം, കല, സംസ്കാരം, വൈവിധ്യം എന്നിവ ഈ പവലിയൻ ചൂണ്ടികാട്ടുന്നു.

WAM