ദുബായ്: പുതുവർഷദിനത്തിൽ രണ്ട് ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി RTA

GCC News

2023-നെ വരവേൽക്കുന്ന വേളയിൽ 2166821 യാത്രികർ എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ജനുവരി 1-ന് വൈകീട്ടാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

മെട്രോ, ട്രാം, ബസ്, ജല ഗതാഗത മാർഗങ്ങൾ, ടാക്സി തുടങ്ങിയ RTA-യുടെ എല്ലാ പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിച്ചവരുടെ സംയുക്തമായ കണക്കാണിത്.

കഴിഞ്ഞ വർഷത്തെ പുതുവർഷദിനത്തിലെ യാത്രികരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ, ഈ വർഷം യാത്രികരുടെ എണ്ണത്തിൽ 33 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ പുതുവർഷദിനത്തിൽ ദുബായിൽ 1632552 യാത്രികരാണ് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയത്.

ഇത്തവണത്തെ പുതുവർഷവേളയിൽ ഏറ്റവും കൂടുതൽ പേർ സഞ്ചരിച്ചത് ദുബായ് മെട്രോയിലാണ്. മെട്രോയുടെ ഗ്രീൻ, റെഡ് ലൈനുകളിലായി 958161 യാത്രികർ പുതുവർഷദിനത്തിൽ യാത്ര ചെയ്തിട്ടുണ്ട്. 49855 പേരാണ് ദുബായ് ട്രാം ഉപയോഗിച്ചത്.

395930 യാത്രികർ പൊതു ഗതാഗതത്തിനുള്ള ബസുകൾ ഉപയോഗിച്ചതായും, 558079 യാത്രികർ ടാക്സിസേവനങ്ങൾ ഉപയോഗിച്ചതായും RTA അറിയിച്ചു. ജല ഗതാഗത സംവിധാനങ്ങളിലൂടെ 77844 പേരും യാത്രചെയ്തു.

Cover Image: Dubai RTA.