എമിറേറ്റിൽ മഴയിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്കുള്ള നാശനഷ്ട സർട്ടിഫിക്കറ്റ് സൗജന്യമായി നൽകുമെന്ന് ഷാർജ പോലീസ് അധികൃതർ വ്യക്തമാക്കി. 2024 ഏപ്രിൽ 22-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഷാർജയിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന എല്ലാവർക്കും വാഹന നാശനഷ്ട സർട്ടിഫിക്കറ്റ് സൗജന്യമായി ലഭിക്കുമെന്ന് ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ സെയ്ഫ് അൽ സാരി അൽ ഷംസി അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കനത്ത മഴയെ തുടർന്ന് കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്കുള്ള നാശനഷ്ട സർട്ടിഫിക്കറ്റുകൾ ഷാർജ പോലീസ് സ്മാർട്ട് ആപ്പ് വഴിയും, പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ലഭ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഷാർജയിലെ എല്ലാ പ്രദേശങ്ങളിലും സാധാരണ നില പുനഃസ്ഥാപിക്കുന്നതിനായി എല്ലാ സർക്കാർ വകുപ്പുകളുമായി ചേർന്ന് കൊണ്ട് ഫീൽഡ് ടീമുകൾ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എമിറേറ്റിലെ ജനങ്ങളുടെയും താമസക്കാരുടെയും അതിഥികളുടെയും സംരക്ഷണവും സുരക്ഷയുമാണ് ഷാർജ പോലീസിൻ്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
അതേസമയം, എമിറേറ്റിൽ കഴിഞ്ഞ ആഴ്ചയുണ്ടായ അസ്ഥിര കാലാവസ്ഥയുടെ അവസരത്തിൽ രേഖപ്പെടുത്തിയ എല്ലാ ട്രാഫിക് നിയമലംഘനങ്ങളും റദ്ദ് ചെയ്തതായി ഷാർജ പോലീസ് അറിയിച്ചിട്ടുണ്ട്.
WAM