കുവൈറ്റ്: അപകടകരമായി ഡ്രൈവ് ചെയ്യുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കും

featured GCC News

രാജ്യത്തെ റോഡുകളിൽ അപകടകരമായി ഡ്രൈവ് ചെയ്യുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു. ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾ വരുത്തുന്ന വാഹനങ്ങൾക്കെതിരെ കൂടുതൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്.

പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ റിപ്പോർട്ട് പ്രകാരം കുവൈറ്റിൽ ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ രണ്ട് മാസത്തേക്ക് പിടിച്ചെടുക്കാൻ ജനറൽ ട്രാഫിക് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

കുവൈറ്റ് ജനറൽ ട്രാഫിക് വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. വേഗപരിധി മറികടക്കൽ, അപകടകരമായി ഓവർടേക്ക് ചെയ്യൽ, മനപ്പൂർവം ഗതാഗത തടസം സൃഷ്ടിക്കൽ, പൊതുനിരത്തുകൾ തടയുന്ന രീതിയിൽ വാഹനം ഉപയോഗിക്കൽ, അനധികൃത പാർക്കിംഗ് തുടങ്ങിയ ഗുരുതര നിയമലംഘനങ്ങൾ ഈ തീരുമാനത്തിന്റെ പരിധിയിൽ വരുന്നതാണ്.

രണ്ട് മാസം വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന് പുറമെ ഇത്തരം നിയമലംഘനങ്ങൾ വരുത്തുന്നവർക്ക് ഈ കാലവധിയ്ക്ക് ശേഷം 15 മുതൽ 20 ദിനാർ വരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ വിജ്ഞാപനം അനുശാസിക്കുന്ന നിയമങ്ങൾ കുവൈറ്റിൽ പ്രാബല്യത്തിൽ വന്നതായും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.