അബുദാബി: മാർച്ച് 27 വരെ മഴ തുടരും; ജാഗ്രത പുലർത്താൻ നിർദ്ദേശം

GCC News

എമിറേറ്റിലെ ഏതാനം മേഖലകളിൽ 2026 മാർച്ച് 27 വരെ മഴ തുടരാനിടയുണ്ടെന്ന് അബുദാബി അധികൃതർ മുന്നറിയിപ്പ് നൽകി. 2026 മാർച്ച് 25-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം അബുദാബിയുടെ ഏതാനം മേഖലകളിൽ 2026 മാർച്ച് 26, വ്യാഴാഴ്ച രാത്രി 10 മണിമുതൽ മാർച്ച് 27, വെള്ളിയാഴ്ച വൈകീട്ട് 4 മണിവരെ പ്രതികൂല കാലാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.

ഈ കാലയളവിൽ അബുദാബി, അൽ ഐൻ, അൽ ദഫ്‌റ എന്നിവിടങ്ങളിൽ ഇടയ്ക്കിടെ വ്യത്യസ്ത തീവ്രതയിലുള്ള മഴ പെയ്യുന്നതിന് സാധ്യതയുണ്ട്. ഇതോടൊപ്പം ശക്തമായ കാറ്റിനും, പൊടിക്കാറ്റിനും സാധ്യതയുണ്ട്.

ഈ സാഹചര്യത്തിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് അബുദാബി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്:

  • വാഹനങ്ങൾ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യേണ്ടതാണ്. അധികൃതർ നൽകുന്ന വേഗപരിധി സംബന്ധിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
  • വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്വരകളിൽ നിന്ന് വിട്ട് നിൽക്കേണ്ടതാണ്.
  • പ്രഥമശുശ്രൂഷ കിറ്റുകൾ കൈവശം കരുതേണ്ടതാണ്.
  • ടോർച്ച് പോലുള്ള ഇതര പ്രകാശ സ്രോതസ്സുകൾ കൈവശം കരുതേണ്ടതാണ്.