സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ചവർക്ക് ഏപ്രിൽ 18 വരെ പിഴ കൂടാതെ രാജ്യത്ത് നിന്ന് മടങ്ങാൻ അവസരം

featured GCC News

വിസ കാലാവധി അവസാനിച്ചവർക്ക് 2026 ഏപ്രിൽ 18 വരെ പിഴ കൂടാതെ രാജ്യത്ത് നിന്ന് മടങ്ങാൻ അവസരമൊരുക്കുന്നതായി സൗദി അധികൃതർ അറിയിച്ചു. 2026 മാർച്ച് 25-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

നിലവിലെ സാഹചര്യത്തിൽ സൗദി അറേബ്യയിൽ നിന്ന് തിരികെ മടങ്ങാൻ സാധിക്കാത്ത വ്യക്തികൾക്ക് വിസ കാലാവധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പിഴ തുകകൾ ഒഴിവാക്കാൻ ഈ തീരുമാനം സഹായിക്കുന്നതാണ്.

2026 ഫെബ്രുവരി 25 വരെ കാലാവധി കഴിഞ്ഞ വിസകൾ (എല്ലാത്തരം സന്ദർശന വിസകളും, ഉംറ, ട്രാൻസിറ്റ്, ഫൈനൽ എക്സിറ്റ് വിസകൾ ഉൾപ്പടെ) കൈവശം വച്ചിരുന്നവരും മേഖലയിലെ സാഹചര്യങ്ങൾ കാരണം രാജ്യം വിടാൻ കഴിയാത്തവരുമായവരുടെ അവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്:

  • രീതി 1 – ഫെബ്രുവരി 25 വരെ കാലഹരണപ്പെട്ട വിസകൾ, സന്ദർശകന്റെ ആതിഥേയന്റെ അഭ്യർത്ഥന പ്രകാരം, അബ്ഷെർ പ്ലാറ്റ്‌ഫോം വഴി നിയമപരമായി നിശ്ചിത ഫീസ് അടച്ചതിനുശേഷം 2026 ഏപ്രിൽ 18 വരെ നീട്ടാവുന്നതാണ്.
  • രീതി 2: ഫെബ്രുവരി 25 വരെ കാലാവധി കഴിഞ്ഞ എല്ലാത്തരം വിസകളും (വിസിറ്റ് വിസകൾ, ഉംറ, ട്രാൻസിറ്റ്, ഫൈനൽ എക്സിറ്റ് വിസകൾ) കൈവശമുള്ളവർക്ക്, വിസ നീട്ടാതെയോ, ഫീസുകളോ വൈകിയ പിഴകളോ അടയ്ക്കാതെയോ നേരിട്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ വഴി സൗദി അറേബ്യയിൽ നിന്ന് മടങ്ങി പോകാൻ അനുവദിക്കുന്നതാണ്.

ഇത്തരത്തിൽ സൗദിയിൽ തുടരുന്നവർ നിയമനടപടികൾ ഒഴിവാക്കുന്നതിനായി ഈ തീരുമാനം പ്രയോജനപ്പെടുത്തിക്കൊണ്ട് 2026 ഏപ്രിൽ 18-ന് മുമ്പ് രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.