യു എ ഇ: ഏപ്രിൽ 10 വരെ അസ്ഥിര കാലാവസ്ഥ തുടരും

featured GCC News

രാജ്യത്തുടനീളം 2026 ഏപ്രിൽ 10 വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഏപ്രിൽ 3-നാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം യു എ ഇയിൽ 2026 ഏപ്രിൽ 4 മുതൽ ഏപ്രിൽ 10 വരെ അസ്ഥിര കാലാവസ്ഥ തുടരുന്നതിന് സാധ്യതയുണ്ട്. ഇത് ഈ കാലയളവിൽ യു എ ഇയിൽ മഴയ്ക്കും, കാറ്റിനും കാരണമാകുന്നതാണ്.

ഏപ്രിൽ 4, 5 തീയതികളിൽ വടക്കൻ മേഖലകളിലും ഉൾപ്രദേശങ്ങളിലും ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. ഏപ്രിൽ 6 മുതൽ 8 വരെയുള്ള കാലയളവിൽ ശക്തമായ വടക്ക്പടിഞ്ഞാറൻ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, അന്തരീക്ഷ താപനില താഴുന്നതിനും, കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ട്.

ഏപ്രിൽ 8-ന് രാത്രി മുതൽ ഏപ്രിൽ 10-ന് രാവിലെ വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടയ്ക്കിടെ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുന്നതാണ്.