മുൻകൂർ അനുമതിയില്ലാതെ ആഘോഷ പരേഡുകൾ നടത്തരുതെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. 2026 ഏപ്രിൽ 12-നാണ് അബുദാബി പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
#أخبارنا | #شرطة_أبوظبي تدعو الجمهور إلى عدم إقامة أي مسيرات احتفالية الإ بتنظيم مسبق
— شرطة أبوظبي (@ADPoliceHQ) April 12, 2026
دعت القيادة العامة لشرطة أبوظبي الجمهور إلى ضرورة عدم إقامة أي مسيرات أو تجمعات احتفالية إلا بتنظيم مسبق من الجهات المختصة، مؤكدة أهمية الالتزام بالقوانين والأنظمة المنظمة للحفاظ على السلامة… pic.twitter.com/aL6pfpfJhQ
എമിറേറ്റിൽ ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള മുൻകൂർ അനുമതിയില്ലാതെ ആഘോഷ പരേഡുകൾ, മാർച്ചുകൾ, പൊതുസമ്മേളനങ്ങൾ എന്നിവയ്ക്ക് അനുമതിയുണ്ടായിരിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. അനുമതിയില്ലാതെ മാർച്ചുകളും മറ്റും നടത്തുന്നതിന്റെ അപകടങ്ങൾ പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന പെരുമാറ്റങ്ങൾ തടയുന്നതിനും ബാധകമായ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം അബുദാബി പോലീസ് പ്രത്യേകം ഊന്നിപ്പറഞ്ഞിട്ടുണ്ട്. നിയമപരമായ മാർഗങ്ങളിലൂടെ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും സഹായിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്ന അവസരങ്ങളിൽ പൊതുജനങ്ങൾ അവ റിപ്പോർട്ട് ചെയ്യാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
എമിറേറ്റിലെ റോഡുകളിൽ അനുമതികളില്ലാതെ മാർച്ചുകളും ഒത്തുചേരലുകളും നടത്തുന്നതിലെ അപകടങ്ങളും ഇത്തരം മാർച്ചുകളിൽ പങ്കെടുക്കുന്ന വാഹനങ്ങളുടെ ജനാലകളിൽ നിന്നോ സൺറൂഫുകളിൽ നിന്നോ പുറത്തേക്ക് ചാഞ്ഞ് നിൽക്കുന്നത് പോലുള്ള സുരക്ഷിതമല്ലാത്ത പെരുമാറ്റങ്ങളും അബുദാബി പോലീസിന്റെ ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് പ്രത്യേകം എടുത്ത് കാട്ടിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ ഗതാഗത ലംഘനങ്ങളാണെന്നും അവയ്ക്ക് 2000 ദിർഹം പിഴയും 23 ട്രാഫിക് പോയിന്റുകളും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ഉൾപ്പെടുന്ന ശിക്ഷാ നടപടികൾ നേരിടേണ്ടി വരാമെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതിന് പുറമെ അനുമതിയില്ലാത്ത പരേഡുകളിലും മറ്റും പങ്കെടുക്കുന്ന വാഹനങ്ങൾക്ക് 500 ദിർഹം പിഴ, 4 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ എന്നിവ ചുമത്തുന്നതാണ്. ഇത്തരം വാഹനങ്ങൾ 15 ദിവസത്തേക്ക് പിടിച്ചെടുക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

