രാജ്യത്ത് ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്ന പൗരന്മാർക്കും, നിവാസികൾക്കും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) മുന്നറിയിപ്പ് നൽകി. 2026 ഏപ്രിൽ 25-നാണ് CBO ഇത് സംബന്ധിച്ച മുന്നറിയിപ്പ് ആവർത്തിച്ചത്.
تنبيه حول ما يتم تداوله عن استخدام العملات المشفرة | ⚠️ pic.twitter.com/oAKChNE20p
— البنك المركزي العماني (@CentralBank_OM) April 24, 2026
ഒമാനിലെ നിയമങ്ങൾ പ്രകാരം ക്രിപ്റ്റോകറൻസികൾക്ക് നിയമ സാധുതയില്ല എന്ന് CBO വ്യക്തമാക്കിയിട്ടുണ്ട്. ക്രിപ്റ്റോകറൻസികൾക്ക് ഒമാനിൽ നിയമപരമായ മൂല്യമോ, ഔദ്യോഗിക അംഗീകാരമോ ഇല്ലെന്ന് CBO മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ക്രിപ്റ്റോകറൻസികൾക്ക് ബാങ്ക് ഗ്യാരണ്ടി ഇല്ലെന്നും ഒമാന്റെ സാമ്പത്തിക വ്യവസ്ഥയിൽ നിയമപരമായ ഒരു സ്ഥാനവും ഇല്ലെന്നും CBO ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ബാങ്കിംഗ് നിയമം ‘2025/2’ പ്രകാരമാണിതെന്ന് CBO വ്യക്തമാക്കിയിട്ടുണ്ട്.
ഒമാനിലെ നാഷണൽ പേയ്മെന്റ് സിസ്റ്റംസ് നിയമം നമ്പർ 2018/8 പ്രകാരം ക്രിപ്റ്റോകറൻസികൾ ഒരു പേയ്മെന്റ് രീതിയായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും, അവ ഒമാനിലെ നിയമങ്ങളുടെ നിയന്ത്രണത്തിലല്ലാത്തതിനാൽ അവ അനിയന്ത്രിത പണമിടപാടുകളുടെ ഗണത്തിൽപ്പെടുന്നതായും CBO കൂട്ടിച്ചേർത്തു.
ക്രിപ്റ്റോകറൻസി ഇടപാടുകളിൽ വളരെയധികം സാമ്പത്തിക നഷ്ടസാധ്യതകൾ നിലനിൽക്കുന്നതായും, ഇന്റർനെറ്റ് തട്ടിപ്പുകളിലൂടെ നിക്ഷേപകരുടെ ക്രിപ്റ്റോകറൻസി നിക്ഷേപങ്ങൾ മറ്റുള്ളവർ തട്ടിയെടുക്കാനുള്ള സാധ്യതകളെക്കുറിച്ചും CBO പൊതുസമൂഹത്തെ നേരത്തെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. ക്രിപ്റ്റോകറൻസികൾ പോലുള്ള ഉത്പന്നങ്ങൾ രാജ്യത്ത് വിപണനം ചെയ്യുന്നതിന് ഒരു സ്ഥാപനങ്ങൾക്കും CBO അനുമതി നൽകിയിട്ടില്ല എന്നും CBO നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

