യു എ ഇ: ഡിജിറ്റൽ ഐഡന്റിറ്റി സുരക്ഷയെക്കുറിച്ച് സൈബർ സുരക്ഷാ കൗൺസിൽ അറിയിപ്പ് നൽകി

GCC News

ഡിജിറ്റൽ ഐഡന്റിറ്റി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യു എ ഇ സൈബർ സുരക്ഷാ കൗൺസിൽ അറിയിപ്പ് നൽകി. 2026 ഏപ്രിൽ 26-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും ഏറ്റവും വിലപ്പെട്ട ആസ്തികളിൽ ഒന്നാണ് ഡിജിറ്റൽ ഐഡന്റിറ്റിയെന്ന് യു എ ഇ സൈബർ സുരക്ഷാ കൗൺസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യക്തിഗത വിവരങ്ങൾ, സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ, ആരോഗ്യ രേഖകൾ എന്നിവയുൾപ്പെടെ ഡിജിറ്റൽ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട ഡാറ്റയുടെ സംരക്ഷണം നിശ്ചയമായും ഉറപ്പാക്കണമെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു.

നിർമ്മിത ബുദ്ധി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, ക്ലൗഡ് ആപ്ലിക്കേഷനുകൾ എന്നിവയുടെ വ്യാപനത്തോടെ,
സൈബർ ആക്രമണകാരികൾക്ക് ചൂഷണം ചെയ്യുന്നതിന് വളരെ എളുപ്പമുള്ള ലക്ഷ്യമായി ഡിജിറ്റൽ ഐഡന്റിറ്റി മാറിയിരിക്കുന്നുവെന്ന് കൗൺസിൽ വ്യക്തമാക്കി. ആൾമാറാട്ടം, വഞ്ചന, അല്ലെങ്കിൽ കരിഞ്ചന്തയിൽ ഡാറ്റ വിപണനം ചെയ്യൽ തുടങ്ങിയ വിവിധ തരം കുറ്റകൃത്യങ്ങൾ നടത്തുന്നതിന് ലക്ഷ്യമിട്ടാണ് സൈബർ കുറ്റവാളികൾ ഡിജിറ്റൽ ഐഡന്റിറ്റിയെ ലക്ഷ്യമിടുന്നത്.

സ്വകാര്യത സംരക്ഷിക്കുന്നതിനും, വഞ്ചന തടയുന്നതിനും, തടസ്സങ്ങളോ കാര്യമായ സാമ്പത്തിക നഷ്ടങ്ങളോ ഇല്ലാതെ ഡിജിറ്റൽ സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനുമുള്ള ആവശ്യകതയാണ് ഡിജിറ്റൽ ഐഡന്റിറ്റിയുടെ സംരക്ഷണമെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വർഷത്തെ ആദ്യ പകുതിയിൽ ഡിജിറ്റൽ ഐഡന്റിറ്റികളെ ലക്ഷ്യം വച്ചുള്ള സൈബർ ആക്രമണങ്ങളിൽ 32 ശതമാനം വർധനവുണ്ടായതായി കൗൺസിൽ കൂട്ടിച്ചേർത്തു.

ഡിജിറ്റൽ ഐഡന്റിറ്റി സംബന്ധിയായ ആക്രമണങ്ങൾ തടയാൻ കഴിവുള്ള മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ പോലുള്ള നൂതന പരിഹാരങ്ങൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഇത് അടിവരയിടുന്നതായി കൗൺസിൽ വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങളെ തടയുന്നതിന് മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ പോലുള്ള നൂതന പരിഹാരങ്ങൾ 99 ശതമാനത്തിലധികം ഫലപ്രദമാണെന്ന് കൗൺസിൽ കൂട്ടിച്ചേർത്തു.

ഡാറ്റാ നഷ്ടത്തിനപ്പുറം ഐഡന്റിറ്റി മോഷണം, വഞ്ചന, സാമ്പത്തിക നഷ്ടങ്ങൾ, വ്യക്തിപരവും തൊഴിൽപരവുമായ പ്രശസ്തിയെ പ്രതികൂലമായി ബാധിക്കുന്ന പ്രത്യാഘാതങ്ങൾ എന്നിവ ഡിജിറ്റൽ ഐഡന്റിറ്റിയുടെ ലംഘനങ്ങളിൽ ഉൾപ്പെടുമെന്ന് കൗൺസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സുരക്ഷ ഉറപ്പാക്കുന്നതിനായി സെൻസിറ്റീവ് ആയ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക, ദുർബലമായ പാസ്‌വേഡുകൾ വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കുക, ശക്തവും സങ്കീർണ്ണവുമായ പാസ്‌വേഡുകൾ തിരഞ്ഞെടുക്കുക, മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ പ്രാപ്തമാക്കുക എന്നിവയുൾപ്പെടെ നിരവധി പ്രധാന നടപടികൾ കൗൺസിൽ വിശദീകരിച്ചിട്ടുണ്ട്.