സൗദി അറേബ്യ: സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഗാർഹിക തൊഴിലുകളിലേക്ക് മാറാൻ പ്രവാസികൾക്ക് അനുമതി നൽകുന്നു

GCC News

സ്വകാര്യ മേഖലയിലെ കമ്പനികളിൽ നിന്ന് വ്യക്തികൾക്ക് കീഴിൽ ഗാർഹിക തൊഴിലുകളിലേക്ക് മാറുന്നതിന് അപേക്ഷിക്കാൻ പ്രവാസികൾക്ക് സൗദി അറേബ്യ അനുമതി നൽകുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതിനായുള്ള ഒരു ഓൺലൈൻ സേവനം ആരംഭിച്ചതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യോഗ്യതയുള്ള പ്രവാസികൾക്ക് വീട്ടുജോലിക്കാരുടെ ജോലികളിലേക്ക് മാറാൻ ഈ പുതിയ ഓൺലൈൻ സേവനം സഹായിക്കുന്നു.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നിന്ന് വ്യക്തികൾക്ക് കീഴിലേക്ക് പ്രവാസി തൊഴിലാളികളെ കൈമാറ്റം ചെയ്യുന്നത് നിയന്ത്രിക്കുന്നതിനായാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി ഈ സേവനം ലഭ്യമാണ്.

ഇതിനായി അപേക്ഷിക്കുന്നവർക്ക് സാധുതയുള്ള ഒരു വർക്ക് പെർമിറ്റ് ഉണ്ടായിരിക്കണം. വിദ്യാഭ്യാസം, സാങ്കേതികം, ആരോഗ്യ സംരക്ഷണം അല്ലെങ്കിൽ സ്പെഷ്യലിസ്റ്റ് തൊഴിലുകൾ ഉൾപ്പെടെയുള്ള മുതിർന്ന തൊഴിലുകളിലോ സൗദി പൗരന്മാർക്ക് മാത്രമായി നീക്കിവച്ചിരിക്കുന്ന തൊഴിലുകളിലോ നിലവിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഈ സേവനം ഉപയോഗിക്കാൻ അനുമതി നൽകുന്നതല്ല.

വീട്ടുജോലിയായി തരംതിരിക്കപ്പെട്ടിട്ടുള്ള തൊഴിലുകളിലേക്ക് മാത്രമാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നിന്ന് വ്യക്തികൾക്ക് കീഴിലേക്ക് ഇത്തരത്തിൽ മാറുന്നതിന് അനുമതി. ചേംബർ ഓഫ് കൊമേഴ്‌സ് അംഗീകരിച്ചതും നിലവിലെ തൊഴിലുടമയിൽ നിന്ന് ഇലക്ട്രോണിക് രീതിയിൽ നൽകിയിട്ടുള്ളതുമായ സാക്ഷ്യപ്പെടുത്തിയ ഇളവ്, പുതിയ തൊഴിലുടമയുടെ സാമ്പത്തിക ശേഷി തെളിയിക്കുന്ന തെളിവ് (ശമ്പള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബാങ്ക് സ്റ്റേറ്റ്‌മെന്റ്) എന്നിവ ഇത്തരം അപേക്ഷകളോടൊപ്പം ഉൾപ്പെടുത്തേണ്ടതാണ്. തൊഴിലാളിയുടെ വിരലടയാളം, ഒപ്പ് എന്നിവയുള്ള റെസിഡൻസി പെർമിറ്റിന്റെ പകർപ്പ്, പുതിയ വീട്ടുജോലിയുടെയും പുതിയ തൊഴിലുടമയുടെയും വിശദാംശങ്ങൾ എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.