2026 നവംബർ 1 മുതൽ ദുബായിലെ അഞ്ച് പ്രധാന റോഡുകളിലെ വേഗപരിധിയിൽ മാറ്റം വരുത്തുന്നതിന് തീരുമാനിച്ചു. 2026 ഒക്ടോബർ 21-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്.
الهيئة و شرطة دبي، تحدّثان حد السرعة القصوى على 5 شوارع رئيسة في الإمارة. اطّلعوا على المنشور لمعرفة المزيد من التفاصيل. https://t.co/TZT5N9Cxsi
— RTA (@rta_dubai) October 21, 2026
ഈ അറിയിപ്പ് പ്രകാരം നവംബർ 1 മുതൽ ദുബായിലെ രണ്ട് റോഡുകളിൽ പരമാവധി വേഗപരിധി കുറയ്ക്കുന്നതിനും, മൂന്ന് റോഡുകളിൽ പരമാവധി വേഗപരിധി കൂട്ടുന്നതിനും RTA തീരുമാനിച്ചിട്ടുണ്ട്.
2026 നവംബർ 1 മുതൽ എമിറേറ്റിലെ വിവിധ റോഡുകളിൽ താഴെ പറയുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്:
- അൽ അസയേൽ സ്ട്രീറ്റിൽ, ഔദ് മൈത സ്ട്രീറ്റിനും അൽ മെയ്ദാൻ സ്ട്രീറ്റിനും ഇടയിൽ പരമാവധി വേഗപരിധി മണിക്കൂറിൽ 60-ൽ നിന്ന് 80 കിലോമീറ്ററായി ഉയർത്തുന്നതാണ്.
- അൽ മുസ്താഖ്ബാൽ സ്ട്രീറ്റിൽ ഷെയ്ഖ് റാഷിദ് സ്ട്രീറ്റിനും അൽ മെയ്ദാൻ സ്ട്രീറ്റിനും ഇടയിൽ പരമാവധി വേഗപരിധി മണിക്കൂറിൽ 60-ൽ നിന്ന് 70 കിലോമീറ്ററായി ഉയർത്തുന്നതാണ്.
- ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിൽ ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനുമിടയിൽ പരമാവധി വേഗപരിധി മണിക്കൂറിൽ 60-ൽ നിന്ന് 70 കിലോമീറ്ററായി കൂട്ടുന്നതാണ്.
- അൽ റെബാത് സ്ട്രീറ്റിൽ, മരാക്കേഷ് സ്ട്രീറ്റിനും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനുമിടയിൽ പരമാവധി വേഗപരിധി മണിക്കൂറിൽ 100-ൽ നിന്ന് 90 കിലോമീറ്ററായി കുറയ്ക്കുന്നതാണ്.
- ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റിൽ, ഡിസംബർ 2 സ്ട്രീറ്റിനും ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിനും ഇടയിൽ പരമാവധി വേഗപരിധി മണിക്കൂറിൽ 80-ൽ നിന്ന് 70 കിലോമീറ്ററായി കുറയ്ക്കുന്നതാണ്.
ബന്ധപ്പെട്ട റോഡ് ഭാഗങ്ങളിലെ വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകൾ RTA മാറ്റിസ്ഥാപിക്കുന്നതും, പുതുക്കിയ വേഗപരിധികൾക്കനുസൃതമായി സ്പീഡ് ക്യാമറകൾ പുനഃക്രമീകരിക്കുന്നതുമാണ്. ദുബായ് പോലീസുമായി സഹകരിച്ചാണ് ഈ വേഗപരിധി മാറ്റങ്ങൾ നടപ്പിലാക്കുന്നത്.

