രാജ്യത്തിന്റെ ഏതാനം മേഖലകളിൽ വരും ദിനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ അധികൃതർ അറിയിച്ചു. ഒമാൻ സിവിൽ ഏവിയേഷൻ അധികൃതരെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം 2026 ഒക്ടോബർ 25 മുതൽ ഒമാനിൽ ഒരു ന്യൂനമർദ്ദ പാത്തി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി ഹജാർ പർവതനിരകളിലും സമീപപ്രദേശങ്ങളിലും മുസന്ദം തീരപ്രദേശത്തിന്റെ ചില ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഈ ന്യൂനമർദ്ദ പാത്തി മൂലം ഹജാർ പർവതനിരകളെയും സമീപപ്രദേശങ്ങളെയും വിവിധ തീവ്രതയിലുള്ള മഴയും ആലിപ്പഴ വർഷവും ശക്തമായ കാറ്റും ബാധിക്കാൻ സാധ്യതയുണ്ടെന്നും, ഈ അസ്ഥിര കാലാവസ്ഥ ഏതാനും ദിവസങ്ങളോളം നീണ്ടുനിന്നേക്കാമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഴ മൂലം താഴ്ന്ന പ്രദേശങ്ങളിലും, താഴ്വരകളിലും, മലയിടുക്കുകളിലും പെട്ടന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുണ്ട്. ഇതോടൊപ്പം ഈ പ്രദേശങ്ങളിൽ ഇടിമിന്നൽ, ഇടയ്ക്കിടെയുള്ള ആലിപ്പഴ വർഷം, ശക്തമായ കാറ്റ്, പൊടിക്കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്.

