ദുബായ്: അഞ്ചാമത് ലോക പോലീസ് ഉച്ചകോടി ആരംഭിച്ചു

GCC News

ലോക പോലീസ് ഉച്ചകോടിയുടെ അഞ്ചാം പതിപ്പ് 2026 നവംബർ 16-ന് ദുബായിൽ ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ H.H. ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാനാണ് അഞ്ചാമത് ലോക പോലീസ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ H.H. ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം, ദുബായ് മീഡിയ ഇൻകോർപ്പറേറ്റഡ് ചെയർമാൻ H.H. ഷെയ്ഖ് ഹാഷർ ബിൻ മക്തൂം ബിൻ ജുമ അൽ മക്തൂം, നാഷണൽ മീഡിയ അതോറിറ്റി ചെയർമാൻ അബ്ദുള്ള ബിൻ മുഹമ്മദ് ബിൻ ബുട്ടി അൽ ഹമദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് അഞ്ചാമത് വേൾഡ് പോലീസ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. അഞ്ചാമത് ലോക പോലീസ് ഉച്ചകോടി 2026 നവംബർ 18 വരെ നീണ്ട് നിൽക്കും.

ദുബായ് പോലീസ്, DXB LIVE എന്നിവർ സംയുക്തമായാണ് ഈ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ‘ഭാവി തലമുറകളെ സംരക്ഷിക്കുന്നതിനായി ആഗോള പോലീസ് സംവിധാനങ്ങളെ ഒന്നിപ്പിക്കുക’ എന്ന ആശയത്തിലൂന്നിയാണ് ഈ ത്രിദിന ഉച്ചകോടി നടത്തുന്നത്.

നൂറോളം രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ വിദഗ്ധർ, പ്രമുഖ പോലീസ് മേധാവികൾ, നിയമ നിർവ്വഹണ ഉദ്യോഗസ്ഥർ, ഈ മേഖലയിലെ ആഗോളരംഗത്തെ പ്രമുഖർ തുടങ്ങിയവർ ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നതാണ്.